കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോക്സോ കോടതി നാളെ വിധി പറയും. ബീഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ പ്രതി. തുടര്‍ച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം.
പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. പ്രതി അസ്ഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
ഇയാള്‍ ബിഹാര്‍ സ്വദേശി ആയതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു വിസ്താരം. ജൂലൈ 28 നാണ് ജ്യൂസ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി അസ്ഫാഖ് ആലം കടന്നുകളയുന്നത് .
പിന്നീട് കുട്ടിയെ ആലുവ മാര്‍ക്കറ്റിലെത്തിച്ച് മദ്യം നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു.