ആലുവ: റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിന്റെ വിളിപ്പാടകലെയുള്ള ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സിഐമാർക്ക് ഇരിപ്പുറപ്പിക്കാൻ സാധിക്കുന്നില്ല.
എസ്എച്ച്ഒ ചുമതലയുള്ള ഇവരെ അടിക്കടി സ്ഥലം മാറ്റുന്നത് പ്രമാദമായ പലകേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നിലവിലെ സിഐയ്ക്കും സ്ഥലമാറ്റമായി.
നാലു മാസം മുമ്പാണ് എൻ. സുരേഷ് കുമാർ ആലുവ സിഐയായി ചുമതലയേറ്റത്. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സഗ കേസിലെ പ്രതിയെ പിടികൂടിയത് ഇദ്ദേഹം ചാർജ്ജെടുത്ത ഉടനെയാണ്.
ഈ വർഷത്തെ തന്നെ രണ്ട് പോക്സോ കേസുകളും തെളിയിച്ചു. കഴിഞ്ഞ ദിവസം പെരിയാറിൽ മുങ്ങി മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ തന്ത്രപരമായി പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ കേസ്.
ആലുവയിൽ താമസ സൗകര്യമെല്ലാം ഒരുക്കുന്നതിനിടയിലാണ് പത്തനാപുരത്തേക്ക് സ്ഥലംമാറ്റമായത്.കോന്നി സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന പി.എസ്. രാജഷാണ് പുതിയ ആലുവ സിഐ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 68 പേരുടെ സ്ഥലമാറ്റപ്പട്ടികയിൽ റൂറൽ പരിധിയിൽ ആലുവ ഈസ്റ്റിനെ കൂടാതെ ബിനാനിപുരം സിഐയും ഇടം നേടിയിട്ടുണ്ട്.
ബിനാനിപുരത്തെ നിലവിലെ സിഐ സുനിലിനെ സിറ്റിയിലെ എളമക്കരയിലേക്ക് മാറ്റിയതായി ഓർഡർ ഇറങ്ങിയെങ്കിലും ഇദ്ദേഹത്തെ ഇവിടെ തന്നെ തുടരാൻ അനുവദിക്കണന്നൊണ് നാട്ടുകാരുടെ ആവശ്യം. ഹാർബർ സിഐ സിൽവർസ്റ്ററിനെയാണ് ബിനാനിപുരം എസ്എച്ച്ഒയായി പരിഗണിച്ചിരിക്കുന്നത്.