ആലുവ: നഗരമധ്യത്തിൽ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ. സബ് ജയിൽ റോഡിൽ ലൂർദ് സെന്ററിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഹാർഡ്വെയർ കടയിലേക്കുമാണ് തീ പടർന്നത്.
വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. അമ്പാടി ടെക്സ്റ്റൈൽസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നെതെന്ന് കരുതുന്നു.
പുലർച്ചെ 3.30ഓടെ എത്തിയ പാൽ വില്പനക്കാരനാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് ആലുവ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കടയുടമകൾ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യഥാസമയം തീയണച്ചതുകൊണ്ട് നഗരത്തിൽ ഒഴിവായത് വൻ ദുരന്തമാണ്. ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.