ആലുവ: സ്വർണശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന ആറു കോടി രൂപയിലേറെ വില വരുന്ന 20 കിലോഗ്രാം സ്വർണം കാറിന്റെ ചില്ല് തകർത്തു കവർന്ന സംഭവത്തിനു പിന്നിൽ മലയാളികളാണെന്ന് ഏറെക്കുറെ ഉറപ്പായി. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകും.
വ്യാഴാഴ്ച രാത്രി പത്തരയോടെ എടയാർ വ്യവസായമേഖലയിലെ ആലുവ ടെക്നോ റബേഴ്സിന് സമീപം സി.ജി.ആർ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു മുമ്പിലായിരുന്നു കവർച്ച. ബൈക്കിലെത്തി കാത്തുനിന്ന രണ്ടംഗ സംഘം കാറിന്റെ പുറകിലെ ചില്ലും ഡ്രൈവറുടെ വശത്തെ രണ്ടു ചില്ലുകളും തകർക്കുന്നതും തുടർന്നു സ്വർണവുമായി കടന്നുകളയുന്നതും കമ്പനി ഗേറ്റിനോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിലുണ്ട്.
റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ, എഎസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി വിദ്യാധരൻ, എസ്ഐ അനൂപ് സി. നായർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എഎസ്പി സോജനാണ് അന്വേഷണ ചുമതല.
കാർ വരുന്നതു കണ്ട് കമ്പനി വാച്ചർ ഗേറ്റ് തുറക്കുന്നതിനിടെ സമീപം മറഞ്ഞുനിന്നിരുന്ന രണ്ടു പേർ കാറിന്റെ പിൻചില്ലും വലതുവശത്തെ ചില്ലുകളും തകർത്തശേഷം കാറിലുണ്ടായിരുന്നവരുടെ മുഖത്തേക്ക് മയക്കുമരുന്ന് സ്പ്രേ ചെയ്തുവെന്നാണു മൊഴി. ഇതിനിടെ കാറിൽ ഉണ്ടായിരുന്ന പള്ളുരുത്തി സ്വദേശി നോയൽ ജോയി എന്നയാൾ ഓടി രക്ഷപ്പെട്ടു.
ഡ്രൈവർ പനമ്പിള്ളിനഗർ സ്വദേശി കെ.വി. സജി, പുതുവൈപ്പ് സ്വദേശി പീറ്റർ തോമസ്, ഫോർട്ടുകൊച്ചി മൂലങ്കുഴി സ്വദേശി വി.ജെ. ജെസ്റ്റിൻ എന്നിവർ അബോധാവസ്ഥയിലായെന്നാണ് ഇവർ പോലീസിനോടു പറഞ്ഞിട്ടുള്ളത്. ഈ സമയം കാറിൽനിന്ന് 20 കിലോ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. 20 കിലോ സ്വർണം ഒരു പെട്ടിയിലും അഞ്ചു കിലോ സ്വർണം മറ്റൊരു പെട്ടിയിലുമായിരുന്നു. അഞ്ചു കിലോ സ്വർണം സൂക്ഷിച്ചിരുന്ന മറ്റൊരു പെട്ടി കാറിന്റെ സീറ്റിനടിയിലായിരുന്നതിനാൽ പ്രതികൾക്കു കണ്ടെത്താനായില്ല.
വൻകിട ജ്വല്ലറികളിൽനിന്നു സ്വർണം ശേഖരിച്ചശേഷം ശുദ്ധീകരിച്ച് ഹോൾമാർക്ക് സീൽ നൽകുന്ന സ്ഥാപനമാണു സി.ജി.ആർ മെറ്റലോയിസ് എന്ന എടയാറിലെ സ്ഥാപനം. എറണാകുളം പനമ്പിള്ളി നഗർ സ്വദേശി ജെയിംസ് ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സ്വർണക്കടകളിലെ പഴയ സ്വർണം സി.ജി.ആറിന്റെ എറണാകുളം സദനം റോഡിലെ യൂണിറ്റിൽ തരി രൂപത്തിൽ ആക്കിയ ശേഷമാണ് എടയാറിലേക്ക് എത്തിക്കുന്നത്.
ഇതിന് മലര് രൂപത്തിൽ ആക്കിയെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രി ഒമ്പതിനും 11നും ഇടയിലാണ് സ്ഥാപനത്തിലേക്കു ശുദ്ധീകരിക്കുന്നതിനായി സ്വർണം പതിവായി എത്തിക്കുന്നത്. ഇതറിയാവുന്ന മലയാളികളാണു പ്രതികളെന്ന് ഉറപ്പായിട്ടുണ്ട്.”ചില്ല് അടിച്ചു പൊട്ടിക്കെടാ’ എന്ന് കവർച്ച നടത്തിയ ഒരാൾ പറഞ്ഞതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്.
ബൈക്കിൽ ആര്
ആലുവ: ആക്രമണം നടക്കുമ്പോൾ വാഹനത്തിന്റെയും കമ്പനി ഗേറ്റിന്റെയും ഇടയിലൂടെ കടന്നുപോയ ബൈക്ക്കാരനെക്കുറിച്ചു ബിനാനിപുരം പോലീസ് അന്വേഷണം തുടങ്ങി. കമ്പനി ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയിൽനിന്നു ലഭിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആക്രമണം തുടങ്ങിയപ്പോൾ കാറിന്റെ ഹെഡ് ലൈറ്റ് ഓഫായി. മൂന്ന് മിനിറ്റ് നീണ്ട ആക്രമണത്തിനിടെ പാർക്കിംഗ് ലൈറ്റ് ഇട്ടുകൊണ്ട് വാഹനം പിന്നോട്ടേക്ക് ഇറങ്ങിപ്പോകുന്നതായി കാണുന്നുണ്ട്. ഈ സമയത്താണ് മറ്റൊരു ബൈക്കുകാരൻ വാഹനത്തിന്റെ പിന്നിലൂടെ വന്നു മറികടന്നുപോയത്.
സ്ഥാപനം പഞ്ചായത്തിനുംപോലീസിനും അജ്ഞാതം
ആലുവ: സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്ന് കടുങ്ങല്ലൂർ പഞ്ചായത്തും റൂറൽ പോലീസും. ദിവസേന കോടികളുടെ ഇടപാട് നടക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നാണു പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. പ്രഫഷണൽ ടാക്സ് അടക്കം ഒന്നും അടയ്ക്കാറുമില്ലെന്നു സെക്രട്ടറി അറിയിച്ചു.
സാധാരണയായി വളം, പെയിന്റ്, എല്ലുപൊടി നിർമാണങ്ങളാണ് ഈ പ്രദേശത്ത് നടക്കുന്നത്. അതിനിടയിൽ ഇത്തരമൊരു സ്ഥാപനം ഉള്ളതായി സാധാരണക്കാർക്കും അറിവില്ല. 25 ഓളം ജീവനക്കാർ മൂന്ന് ഷിഫ്റ്റിലാണ് ഇവിടെ ജോലി ചെയ്യുന്നത്. രഹസ്യ സ്വഭാവം ഉള്ളതിനാൽ ജീവനക്കാർ തമ്മിൽ പരസ്പരം ബന്ധപ്പെടാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.