ആലുവ: പ്രണയക്കുരുക്കിൽപ്പെടുത്തി അശോകപുരം സ്വദേശിയായ മധ്യവയസ്കനുമായി കിടപ്പറ പങ്കിടുകയും പിന്നീട് അതിന്റെ ദൃശ്യങ്ങൾ പകർത്തി പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ ബ്യൂട്ടീഷൻ റിയ എന്ന യുവതിക്കുവേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കേസിൽ പ്രധാന പ്രതിയായ തൃശൂർ മുണ്ടൂർ സ്വദേശി പൊമേറോ പോൾസണെ ആലുവ ഈസ്റ്റ് പോലീസ് തന്ത്രപരമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ യുവതി ജാർഖണ്ഡിലേക്ക് കടന്നതായിട്ടാണ് പോലീസിനു ലഭിച്ച സൂചന. വിശദമായ ചോദ്യം ചെയ്യലിനുശേഷം പൊമേറോയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സിനിമയിൽ സജീവമായിപ്രവർത്തിക്കുന്ന പൊമേറോ സെക്സ് റാക്കറ്റിന്റെ കണ്ണിയാണോ എന്നും പോലീസ് പരിശോധിക്കുന്നു. മറ്റു പ്രതികൾക്കും സിനിമാ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതൊരു വലിയ റാക്കറ്റാണെന്നു പോലീസ് പറയുന്നു. നെടുന്പാശേരിയിലെ ഒരു അപ്പാർട്ട്മെന്റിൽ വച്ച് പകർത്തിയ ദൃശ്യങ്ങൾ യുവതിയുടെ കൈവശമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അശോകപുരം സ്വദേശിയുമായി ഫേസ്ബുക്ക് വഴി അടുപ്പത്തിലായ റിയ ഭർത്താവുമായി അകന്ന് കഴിയുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗീകവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രവാസിയായിരുന്ന മധ്യവയസ്കനിൽനിന്നും പണം തട്ടിയെടുക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 17,000 രൂപ തട്ടിയെടുത്ത റിയ രണ്ടരലക്ഷം രൂപയ്ക്കായി ഭീഷണി തുടർന്നപ്പോഴാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.
ചോദിച്ച പണം നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞതനുസരിച്ച് ഇത് കൈപ്പറ്റാൻ എത്തുന്പോഴാണ് ആലുവ സീനത്ത് ജംഗ്ഷനിൽ വച്ച് പൊമേറോ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. സംഘമെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെക്കുറിച്ച് സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പിടിയിലായ പൊമേറോയുടെ മൊബൈൽ ഫോണ് പരിശോധിച്ചെങ്കിലും പരാതിക്കിടയാക്കിയ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ദൃശ്യങ്ങളെക്കുറിച്ച് ഒളിവിൽ പോയ യുവതിക്ക് മാത്രമേ അറിയൂ എന്നാണ് പൊമേറോയുടെ മൊഴി. ദൃശ്യങ്ങൾ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പരാതിക്കാരനും.
യുവതിയെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്. സെക്സ് റാക്കറ്റുകളുടെ ഭാഗമായി സമാന രീതിയിൽ സംഘം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് എസ്ഐ എം.എസ്.ഫൈസൽ രാഷ്ട്രദീപികയോട് പറഞ്ഞു. ആലുവ ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെ നിർദേശപ്രകാരം സിഐ വിശാൽ, കെ.ജോണ്സൺ, എസ്ഐമാരായ എം.എസ്.ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.