ആലുവ: നഗ്നദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആലുവ അശോകപുരം സ്വദേശിയായ മധ്യവയസ്കനിൽനിന്നും ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രധാന പ്രതി തൃശൂർ സ്വദേശി പൊമേറോയെ ഇന്ന് കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും.
കേസിനാസ്പദമായ ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള മുഖ്യസൂത്രധാരിയായ യുവതിയെയും രണ്ട് കൂട്ടാളികളെയും കണ്ടെത്തുവാനായി ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാണ് ആലുവ പോലീസിന്റെ തീരുമാനം. കൂടാതെ സംഭവത്തിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
ഇരിങ്ങാലക്കുട സ്വദേശിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയായ റിയയെന്ന യുവതിയാണ് ഫേസ്ബുക്ക് സൗഹൃദം വഴി മധ്യവയസ്കനെ വലയിലാക്കിയത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ യുവതി പ്രേരിപ്പിക്കുകയായിരുന്നു.
ഇതിനായി നെടുന്പാശേരിയിലെ ഒരു അപ്പാർട്ട്മെന്റിൽ വിളിച്ചുവരുത്തി കിടപ്പറ പങ്കിടുകയും ചെയ്തു. ഈ സ്വകാര്യ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി മുൻ പ്രവാസികൂടിയായ മധ്യവയസ്കനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതിനായാണ് ഇപ്പോൾ പിടിയിലായ പലിശ ഇടപാടുകരാനും സിനിമാരംഗവുമായി ബന്ധമുള്ള പൊമേറോയുമായി ബ്ലാക്ക്മെയിലിംഗിന് ആസൂത്രണം ചെയ്തത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുകയും വീട്ടുകാരെ അറിയിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിനായി സംഘം പലകുറി മധ്യവയസ്കനുമായി ലക്ഷങ്ങളെച്ചൊല്ലി വിലപേശലുണ്ടായി. 17000 രൂപ യുവതിയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ രണ്ടരലക്ഷം രൂപകൂടി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നല്കുകയായിരുന്നു.
ഒടുവിൽ പോലീസ് തന്ത്രപരമായി ഒരുക്കിയ കെണിയിൽ പെമോറോ അകപ്പെടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ദൃശ്യങ്ങൾ യുവതിയുടെ പക്കലാണെന്നും അവരിപ്പോൾ ഭർത്താവിന്റെ താമസസ്ഥലമായ ജാർഖണ്ഡിലാണെന്നുമാണ് മൊഴി നല്കിയിരിക്കുന്നത്.
ദൃശ്യങ്ങൾ ഉണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പരാതിക്കാരനും പോലീസും. ഒരു മലയാളസിനിമയിൽ മുഖം കാണിക്കുകയും ഈ രംഗത്തെ പ്രമുഖരായ പലരുമായി ബന്ധമുള്ള പൊമേറേയുടെ അറസ്റ്റ് കേസിൽ വഴിത്തിരിവായിരിക്കുകയാണ്. കൊള്ളപ്പലിശക്കാരനായ ഇയാൾ യുവതിയുമായും പണമിടപാടുകൾ നടത്തിയിരുന്നു. ഈ വകയിൽ കിട്ടാനുള്ള രണ്ടരലക്ഷം രൂപ മധ്യവയസ്കനിൽനിന്നും വാങ്ങാനാണ് യുവതി ഇയാളെ ആലുവയിലേക്ക് അയച്ചത്. എന്നാൽ ആലുവ സീനത്ത് ജംഗ്ഷനിൽവച്ച് ഇയാൾ പിടിയിലാവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
പിടിച്ചെടുത്തു. പൊമേറയുടെ മൊബൈൽഫോണ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് നീക്കം ചെയ്തതാണോയെന്ന് സ്ഥിരീകരിക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ സംഭവത്തിലെ കൂടുതൽ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈസ്റ്റ് പോലീസ്. ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം സിഐ വിശാൽ കെ. ജോണ്സണ്, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.