പ്രസവിച്ചയുടനെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞ പോലീസ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കൂട്ടുനിന്ന പിതാവിനും സുഹൃത്തിനുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇരുവരും ഉടന്‍ പിടിയിലാകുമെന്ന് കേസ് അന്വേഷിക്കുന്ന ആലുവ വെസ്റ്റ് എസ്ഐ എല്‍. അനില്‍കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയില്‍ കള്ളക്കഥമെനഞ്ഞ് കുഞ്ഞിനെ ആലുവ ജനസേവ ശിശുഭവനിലെത്തിച്ച ഇടനിലക്കാരന് കോഴിക്കോട് സ്വദേശി എബിന് ജോസിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞത്.
ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശിയായ മുഹമ്മദ് ഷെജീര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് കുഞ്ഞിന്റെ പിതാവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ബന്ധത്തിന് വീട്ടുകാര്‍ എതിരായപ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റുകയും മൂവാറ്റുപുഴയ്ക്കടുത്തുള്ള ആശുപത്രിയില്‍ പ്രസവം നടത്തുകയുമായിരുന്നു. പിന്നീടാണ് കുഞ്ഞിനെ ജനസേവയില്‍ ഉപേക്ഷിക്കാന്‍ സുഹൃത്തിന്റെ സഹായത്തോടെ ക്വട്ടേഷന്‍ കൊടുത്തത്. പിതാവിനോടൊപ്പം കുഞ്ഞിനെ ജനസേവയില്‍ ഏല്‍പ്പിക്കാന്‍ കൂട്ടുനിന്ന മാളിയംപീടിക സ്വദേശി മന്‍സൂറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.
വിഷുവിന്റെ തലേദിവസം രാത്രിയാണ് കള്ളക്കഥ മെനഞ്ഞ് എബിന് ജോസ് കുഞ്ഞിനെ ജനസേവയില്‍ എത്തിച്ചത്. കളമശേരി എച്ച്എംടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ജനസേവ ചെയര്മാന് ജോസ് മാവേലിയോട് എബിന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കുഞ്ഞുമായി ജനസേവയില്‍ എത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോസ് മാവേലിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇയാളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ കള്ളക്കളി പൊളിയുന്നത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും കുഞ്ഞിന്റെ പിതാവിനെക്കുറിച്ച് വിവരം ലഭിച്ചില്ല. പിതാവിന്റെ സുഹൃത്താണ് കുഞ്ഞിനെ ജനസേവയില്‍ ഏല്‍പ്പിക്കാന്‍ 40,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലുവ വെസ്റ്റ് പോലീസ് ആശുപത്രികളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ജനസേവ ഏറ്റെടുത്ത കുഞ്ഞിനെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.