കൊച്ചി: മാരക മയക്കുമരുന്നുകളുമായി പറവൂരിൽ രണ്ടു യുവാക്കള്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്കും.
പ്രതികൾ മയക്കുമരുന്ന് എത്തിച്ചത് ഗോവയിൽനിന്നാണ് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നത്.
പറവൂര്‍ പെരുമ്പടന്ന ഡിവൈന്‍ മാത്യു(28), ചേന്ദമംഗലം പാലിയംനടയിൽ പി. ആകാശ് (20) എന്നിവരെയാണ് 28 ഗ്രാം വരുന്ന 100 എംഡിഎംഎ ഗുളികകളും, 25 എല്‍എസ്ഡി സ്റ്റാന്പുകളുമായി എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാര്‍ട്ടികളിലും, നിശാപാര്‍ട്ടികളിലും ഉപയോഗിക്കുന്നതിനായാണ് സംഘം മയക്കുമരുന്നെത്തിച്ചത്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എക്സൈസിനു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരം ലഭിച്ചത്.
ബിടെക് ബിരുധധാരിയായ ഡിവൈന്‍ മാത്യുവാണ് സംഘത്തലവന്. ഡിവൈന്റെ ഗോവയില്‍ താമസിക്കുന്ന സുഹൃത്ത് സക്കീര്‍ ഹുസൈനാണ് മയക്ക് മരുന്നുകള്‍ ഏര്‍പ്പാട് ചെയ്ത് ഇത് കൊറിയര്‍ വഴി അയച്ചത്.
ആന്റി നാര്‍ക്കോട്ടിക് സ്പഷല് സ്ക്വാഡ് എക്സൈസ് സിഐ ജി. വിനോജും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.