ആലുവ: നഗര മധ്യത്തിൽ ഒരു കുടുംബത്തിലെ ആറു പേർ കൊലചെയ്യപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിട്ട് ഇന്ന് ഇരുപതാണ്ട് തികയുന്നു. 2001 ജനുവരി ആറിനായിരുന്നു ആലുവ കൂട്ടക്കൊല അരങ്ങേറിയത്.
ലോക്കൽ പോലീസ് മുതൽ സിബിഐ വരെ നടത്തിയ അന്വേഷണങ്ങളെല്ലാം ചെന്നെത്തിയത് ആന്റണിയെന്ന കുടുംബ സുഹൃത്തിലേക്കാണ്. പുറം ലോകം കാണാനുള്ള ഊഴം കാത്ത് കഴിയുന്ന പൂജപ്പുര ജയിലിലെ ജീവപര്യന്തം തടവുകാരനാണ് ആന്റണിയിപ്പോൾ.
നഗരമധ്യത്തിലെ സെന്റ് മേരീസ് സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്.
ആന്റണിയെ കൂടാതെ കൂടുതൽ പ്രതികളുണ്ടെന്ന ബന്ധുക്കളുടെ സംശയമാണ് സിബിഐ അന്വേഷണത്തിലെത്തിച്ചത്. കേസിൽ വധശിക്ഷയാണ് വിചാരണ കോടതി ശിക്ഷയായി വിധിച്ചത് പിന്നീട് സുപ്രീംകോടതി ഇത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
ആന്റണിയെന്ന കൊലയാളി
ഇന്ത്യൻ കുറ്റാന്വേക്ഷണ ചരിത്രത്തിൽ ഏറെ സങ്കീർണമായ കൊലക്കേസുകളിൽ ഒന്നായിരുന്നു ആലുവ കൂട്ടക്കൊല. അതു കൊണ്ടു തന്നെ സിബിഐ കേരളത്തിൽ അന്വേഷിച്ച കേസുകളിൽ ആദ്യ വധശിക്ഷ വിധിച്ച കേസായി ഇത് മാറി.
അഗസ്റ്റിൻ, ബേബി എന്നിവരുടെ മൃതദേഹം കിടന്നതിനു സമീപം ഭിത്തിയിൽ ചോര കൊണ്ട് അമ്പടയാളം വരച്ചിരുന്നത് ആദ്യഘട്ട അന്വേഷണത്തെ വല്ലാതെ വലച്ചു. അന്നത്തെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
പല വഴികളിലും അന്വേഷണം തുടർന്നു. ഒടുവിൽ ബന്ധുവായ ആന്റണിയിൽ തന്നെയെത്തി.
കൂട്ടക്കൊലയുടെ കാരണങ്ങൾ
ആലുവ മുനിസിപ്പൽ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് പോകാൻ കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി സാമ്പത്തികമായി സഹായിക്കാമെന്നേറ്റിരുന്നു. ഇത് കിട്ടാതെ വന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ.
കൃത്യം നടന്ന ദിവസം രാത്രി ഒൻപതോടെ ആന്റണി മാഞ്ഞൂരാൻ വീട്ടിലെത്തി. ഇതിനിടയിൽ അഗസ്റ്റ്യൻ കുടുബവുമായി തൊട്ടടുത്തുള്ള തിയറ്ററിൽ സെക്കൻഡ് ഷോ സിനിമ കാണാൻ പോയി.
ഇവർ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് വാക്കു പറഞ്ഞ പണം ചോദിച്ചു. പണം ഇല്ലെന്നറിയിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടയിൽ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇതു തടയാൻ എത്തിയ അമ്മയും കൊലപ്പെടുകയായിരുന്നു.
വീട്ടിൽ വന്നത് അറിയാമായിരുന്ന അഗസ്റ്റ്യനും കുടുംബവും കൊലപാതകങ്ങളിൽ സംശയിക്കുമെന്നുറപ്പിച്ച ആന്റണി അവരെയും വകവരുത്താൻ തീരുമാനിച്ചു. അഗസ്റ്റ്യനും കുടുംബവും വരുന്നതുവരെ കാത്തിരുന്ന ആന്റണി ഓരോരുത്തരെയായി വെട്ടി കൊലപ്പെടുത്തി.
സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നു വിളിച്ചുവരുത്തി ഫെബ്രുവരി 18ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അവിശ്വസനീയമായ അന്വേഷണം
ആലുവ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടർന്ന് ബേബിയുടെ പിതാവും സഹോദരനും രാജനും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നു.
സിബിഐ അന്വേഷണത്തിലും കേസിലെ ഏക പ്രതി ആന്റണി തന്നെയെന്ന് സ്ഥിരീകരിച്ചു. നാട്ടുകാരും ബന്ധുക്കളും ആന്റണി മാത്രമാണ് കൊലയാളിയെന്ന് വിശ്വസിക്കാൻ മടിച്ചു.
2004 ഒക്ടോബറിൽ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങി. ദൃക്സാക്ഷികൾ ഉണ്ടാകാതിരുന്ന പ്രമാദമായ ആലുവ കൂട്ടക്കൊല കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടി സാധനങ്ങൾ ഇവയെല്ലാം കോടതിയിൽ ഹാജരാക്കിക്കൊണ്ടുള്ള വിസ്താരം നടന്നു.
2005ൽ ആന്റണിക്ക് കോടതി വധശിക്ഷ വിധിച്ചു. 2006-ൽ ഹൈക്കോടതി ഇതു ശരിവക്കുകയും ചെയ്തു. സുപ്രീംകോടതി ആദ്യം ഈ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും പിന്നീട് ശരിവച്ചു.
രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും അതും തള്ളി. പിന്നീട് 2018 ഡിസംമ്പറിൽ സുപ്രീംകോടതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു.
മോചനം കാത്ത് ആന്റണി
കോളിളക്കം സൃഷ്ടിച്ച മാഞ്ഞൂരാൻ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിക്കായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴുമരം വരെ ഒരുക്കിയിരുന്നു. 38 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ വധശിക്ഷ നടപ്പാക്കാൻ തയാറെടുപ്പുകൾ നടത്തിയത്.
തമിഴ്നാട്ടിലയച്ചു ആരാച്ചാർമാർക്ക് പരിശീലനം വരെ നൽകി. എന്നാൽ, വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധന ഹർജി ആന്റണിക്ക് തൂക്കു കയറിൽനിന്നും മോചനം നൽകുകയായിരുന്നു.
ഏകാന്ത തടവിനുശേഷം ആന്റണിയിപ്പോൾ ചെറിയ ജോലികൾ ചെയ്താണ് ജയിലിൽ കഴിയുന്നത്. അനുഭവിച്ച ശിക്ഷയുടെ ആനുകൂല്യത്തിൽ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ആന്റണിയിപ്പോൾ ദിവസങ്ങൾ തള്ളി നീക്കുന്നത്.
നിയമവകുപ്പു റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴെല്ലാം പോലീസ് പ്രതികൂല നിലപാട് സ്വീകരിച്ചതിനാൽ ജയിൽ മോചനം ഇനിയും നീളുകയാണ്. സ്വീകരിക്കാൻ കുടുംബക്കാർ തയാറാണെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങിക്കിടക്കുകയാണ് ആന്റണിയുടെ ശേഷിക്കുന്ന ജീവിതം.
ഇല്ലാതാക്കിയത് ഒരു കുടുംബ പരമ്പര
ആലുവയിലെ പ്രശസ്തമായ മാഞ്ഞൂരാന് വീട്ടിലായിരുന്നു പാതിരാത്രി ഈ ക്രൂരകൃത്യങ്ങൾ അരങ്ങേറിയത്. നഗരത്തിൽ വ്യാപാരിയായിരുന്ന മാഞ്ഞൂരാന് അഗസ്റ്റിന് എടുത്തുപറയാന്‍ ശത്രുക്കളുണ്ടായിരുന്നില്ല.എങ്കിലും അഗസ്റ്റിന്റെ കുടുംബം ഒന്നടങ്കം ഇല്ലാതാക്കി കൊണ്ടായിരുന്നു ആ കൊടുംപാതകം പൂര്‍ത്തിയായത്.
കോടികളുടെ ആസ്തികള്‍ അനുഭവിക്കാന്‍ കുടുംബത്തിൽ ഒരാളെപോലും ബാക്കിവയ്ക്കാതെ നടത്തിയ കൊലപാതക പരമ്പരയുടെ പൊരുള്‍തേടിയ പോലീസും വിധിയെഴുതിയ കോടതികളും ആന്റണിയെന്ന ഏകപ്രതിയില്‍ ഉറച്ചു നില്‍ക്കുമ്പോഴും നാട്ടുകാരുടെ അമ്പരപ്പിന് ഇന്നും അറുതിവന്നിട്ടില്ല.