ആലുവ: നഗരത്തിന്റെ അലങ്കാരവും അടയാളവുമായ ആലുവ കൊട്ടാരത്തിന് അറ്റകുറ്റപ്പണിയൊഴിഞ്ഞിട്ട് നേരമില്ല. ചരിത്രമുറങ്ങുന്ന പഴയ കൊട്ടാരമാണ് അറ്റകുറ്റപ്പണിക്കായി ആദ്യം അടച്ചത്. 15 കോടി രൂപ മുടക്കി നിർമിച്ച പാലസിന്റെ അനെക്സ് മന്ദിരവും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പിന് നിർമിച്ചുനൽകിയതാണ് പാലസ് അനെക്സ്. അറ്റകുറ്റപ്പണിക്കായി മന്ദിരം അടച്ച് തിങ്കളാഴ്ചയ്ക്കകം പൊതുമരാമത്ത് വകുപ്പിന് താക്കോൽ കൈമാറാനാണ് നിർദേശം.
പുതിയ കെട്ടിടത്തിലെ വിഐപി മുറികൾവരെ ചോർന്നൊലിക്കുന്ന നിലയിലാണ്. ഭക്ഷണശാലയുടെയും സ്വീകരണമുറിയുടേയും മേൽക്കൂരയിലെ സിമന്റുപാളികൾ അടർന്നുവീണിരുന്നു. കഴിഞ്ഞദിവസം ഇവിടെയെത്തിയ മുഖ്യമന്ത്രിക്ക് പതിവുമുറിയിൽ ചോർച്ചയായതിനാൽ മറ്റൊന്നാണ് നൽകിയത്.
കൊട്ടാരത്തിന്റെ അവസ്ഥ ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അപാകതകൾ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ചയോളം പണി നീളുമെന്നാണ് സൂചന. 14 വർഷമെടുത്താണ് അനെക്സ് മന്ദിര നിർമാണം പൂർത്തീകരിച്ചത്. അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല. രണ്ടുകോടി ചെലവിൽ നവംബർ ഏഴിന് നവീകരണം ആരംഭിക്കാനായിരുന്നു പദ്ധതി.
അറ്റകുറ്റപ്പണിക്കായി പഴയ കൊട്ടാരം ആദ്യം തയ്യാറാക്കിയ രൂപരേഖയിൽ മാറ്റംവരുത്തി അംഗീകാരത്തിനായി ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾക്ക് നൽകിയിരിക്കുകയാണ്. ഇത് ലഭിക്കുന്നതിലുള്ള കാലതാമസമാണ് നവീകരണം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. പുതിയ മന്ദിരം അടച്ചുപൂട്ടുന്നതോടെ പഴയ കൊട്ടാരത്തിലെ അഞ്ച് മുറികൾ തൽക്കാലത്തേക്ക് തുറന്നുകൊടുക്കും.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്പോഴാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും മാസങ്ങൾക്കുമുന്പ് മാത്രമാണ് ഭാഗികമായി പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർ രാപാർക്കാനെത്തുന്ന ആലുവ കൊട്ടാരത്തിൽ കോടികൾ മുടക്കി വർഷങ്ങളെടുത്ത് പൂർത്തീകരിച്ച അനെക്സ് മന്ദിരത്തിന്റെ നിർമാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നാണ് അധികൃതർ നൽകുന്ന സൂചന.