ആലുവ: മാരത്തോൺ ചർച്ചകളെല്ലാം കലാശിച്ചത് പരാജയത്തിൽ. കർഫ്യൂവിൽ ഇളവു നൽകിയിട്ടും ആലുവ ജനറൽ മാർക്കറ്റ് ഇനിയും തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരികളും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുകയാണ്.
കോവിഡ് വ്യാപനത്തെ തുടർന്നാണ് മാർക്കറ്റടച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്കും ഓട്ടോ ഓടിക്കുന്നവർക്കും അവിടെ ജോലിയെടുത്തിരുന്ന നഗരസഭ ശുചീകരണ തൊഴിലാളികൾക്കും കോവിഡ് രോഗം ബാധിച്ചിരുന്നു.
ഇതോടെ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം മാർക്കറ്റാണെന്ന പ്രചരണം ശക്തമാകുകയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിടുകയുമായിരുന്നു.
കർഫ്യൂവിൽ അയവു വന്നതിനെ തുടർന്ന് കർശന നിർദ്ദേശങ്ങൾ പാലിച്ച് കച്ചവടം നടത്താമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയെങ്കിലും അനുമതി ലഭിച്ചില്ല.
അൻവർ സാദത്ത് എംഎൽഎയടക്കമുള്ളവർ മാർക്കറ്റ് തുറക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ, കളക്ടർ എന്നിവരോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും മാർക്കറ്റ് തുറക്കൽ നീളുകയാണ്.
മാർക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ പ്രതിഷേധ സംഗമം നടത്തി. ട്രഷറർ ജോണി മൂത്തേടൻ അധ്യക്ഷത വഹിച്ച സംഗമം പ്രസിഡന്റ് ഇ.എം. നസീർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, ഗഫൂർ ലജൻഡ്, അസീസ് അൽബാബ്, എ.വെങ്കിടാചലം, ജോഷി, സ്റ്റാൻലി, ലത്തീഫ് പാലുപ്പള്ളത്ത് എന്നിവർ നേതൃത്വം നൽകി.
അതേസമയം, മാർക്കറ്റ് ഉപാധികളോടെ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ സെക്രട്ടറി പി.എം. സഹീർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
?