ആലുവ: നഗരസഭയുടെ പേരിൽ അനധികൃത മുന്നറിയിപ്പ് ബോർഡുകൾ വ്യാപകമായി സ്ഥാപിക്കുന്നതായി പരാതി. നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് സെക്രട്ടറി നിർദേശം നൽകി.
മാലിന്യം നിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടും നിരീക്ഷണ കാമറ സ്ഥാപിച്ചതായി മുന്നറിയിപ്പ് നൽകിയും വാർഡുകളിൽ സ്ഥാപിക്കപ്പെട്ട ബോർഡുകളാണ് വിവാദത്തിലായത്.
ഇല്ലാത്ത നിരീക്ഷണ കാമറകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജനങ്ങളെ പറ്റിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ടി. നാരായണൻ നൽകിയ വിവരവകാശ മറുപടിയിലാണ് അനധികൃത ബോർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
നിരീക്ഷണ കാമറകൾ സ്ഥാപിക്കാതെ മുന്നറിയിപ്പ് ബോർഡ് വയ്ക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അടിയന്തിരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയതായും നഗരസഭ സെക്രട്ടറി പരാതിക്കാരനെ അറിയിക്കുകയായിരുന്നു.