ആലുവ: നഗരമധ്യത്തിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സിനിമാ സ്റ്റെലിൽ ആലുവയിലെ വീട്ടിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ തിരിച്ചറിഞ്ഞു.
ഇവരെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ആലുവ ഈസ്റ്റ് പോലീസ്.മൂന്ന് കണ്ണൂർ സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണ് ഒളിവിലുള്ളത്.
കണ്ണൂർ ശങ്കരനെല്ലൂർ നഹ്ലാ മൻസിലിൽ ഹാരീസ് (52), പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൾ ഹമീദ് (42),ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42),ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.
കേസിലെ മറ്റൊരു പ്രതിയായ ഗോവ സ്വദേശിയും റെയിൽവെ ജീവനക്കാരനുമായ മൗലാലി ഹബീബുൽ ഷെയ്ഖിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന മഹാരാഷ്ട്രാ സ്വദേശി സ്വർണ പണിക്കാരൻ സഞ്ജയുടെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.
ഇവിടെ നിന്നും 37.5 പവൻ സ്വർണവും1,80,000 രൂപയും ഒന്നര മണിക്കൂറോളം ചെലവിട്ടാണ് സംഘം തട്ടിയെടുത്തത്. കൂടാതെ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക്കടക്കം കൈക്കലാക്കിയാണ് അവർ രക്ഷപ്പെട്ടത്.