പത്തു ദിവസം പിന്നിട്ടിട്ടും പെരിയാറില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിയാനാകാതെ പോലീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന് കമ്മീഷന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുന്നതിനാല്‍ വഴിത്തിരിവിലായ അന്വേഷണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മൃതദേഹം കണ്ടെടുത്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ കാട്ടി യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടവും തുടര്‍നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്. യുവതിയെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടു പ്രതികളിലേക്ക് എത്താനുള്ള അന്വേഷണസംഘത്തിന്റെ വഴിയടഞ്ഞിരിക്കുകയാണ്.
യുവതിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു കല്ലുകൊണ്ടുകെട്ടി താഴ്ത്തിയ നിലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിയാറില്‍ ആലുവ യു.സി. കോളജിനു സമീപത്തെ സ്വകാര്യ കുളിക്കടവില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സെമിനാരിയിലെ വിദ്യാര്‍ഥികള്‍ വൈകുന്നേരം കടവില്‍ കുളിക്കാനെത്തിയപ്പോഴാണ് സംഭവം കണ്ടത്. പിറ്റേന്നു മൃതദേഹം കരയ്ക്കെടുത്ത് വിശദമായി പരിശോധിച്ച പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
റൂറല്‍ എസ്പി രാഹുല്‍ ആര് നായരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പ് വാങ്ങിയ കടയും കടത്തിക്കൊണ്ടുപോയ ഒരു കാറിനെക്കുറിച്ചും സൂചന ലഭിച്ചിരുന്നു. നാലു മുതല്‍ ഏഴു ദിവസം വരെ പഴക്കമുള്ള മൃതദേഹത്തിന്റെ മുഖംതിരിച്ചറിയാന്‍ കഴിയാത്തവിധം അഴകിയിരുന്നു.
പ്രത്യേക സംഘങ്ങളായി തിരിഞ്ഞു അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ചോ ഘാതകരെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വസ്ത്രധാരണത്തിന്റെയും ശാരീരികഘടനയുടെയും അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഐടി മേഖല കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ അന്വേഷണം. പെണ്‍വാണിഭ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മൃതദേഹത്തിലെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്ക് ആലുവ ഈസ്റ്റ് പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
ആപ്പില്‍ എന്നു വെള്ളനിറത്തില്‍ എംബ്രോയിഡറി ചെയ്ത താര കമ്പനിയുടെ പച്ച ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്പനിയുടെ നീല ടോപ്പ് എന്നിവ അണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഈ ചിത്രങ്ങളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, തുമ്പില്ലാത്ത ഈ കേസിന്റെ അന്വേഷണത്തില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം കിട്ടിയിരിക്കുന്നത് പോലീസിനെ കുഴയ്ക്കുകയാണ്.
എസ്പിയുടെ കീഴില്‍ ഡിവൈഎസ്പി എന്‍.ആര്. ജയരാജിന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് സിഐ വിശാല്‍ കെ. ജോണ്സണ്, എസ്ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. ഇവരെ സഹായിക്കാന്‍ ആലുവ ട്രാഫിക് എസ്ഐ മുഹമ്മദ് കബീര്‍, ആലുവ വെസ്റ്റ് എസ്ഐ സാബു, ബിന്നാനിപുരം എസ്ഐ അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇലക്ഷന് കമ്മീഷന് ഉത്തരവ് പ്രകാരം ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് സ്ഥലം മാറിയിരിക്കുകയാണ്. പകരമെത്തുന്ന ഉദ്യോഗസ്ഥരുടെ മിടുക്കു പോലെയിരിക്കും കേസന്വേഷണത്തിന്റെ പുരോഗമതി.