ആറുപേരെ അരുംകൊല ചെയ്ത ആലുവയിലെ മാഞ്ഞൂരാന് കേസിലെ പ്രതി ആന്റണിയുടെ കൊലക്കയര്‍ ഒഴിവായെങ്കിലും ദുരൂഹതകള്‍ ഒഴിയുന്നില്ല. വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായാണ് ഇളവു ചെയ്തത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ചിട്ടും ആന്റണി മാത്രമായിരുന്നു പ്രതിപ്പട്ടികയില്‍. ഒടുവില്‍ 2005 ജനുവരിയില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ആന്റണിക്കു സിബിഐ കോടതി വധശിക്ഷ വിധിച്ചു. അതാണ് ഇപ്പോള്‍ ജീവപര്യന്തമായി കുറച്ചത്.
2001 ജനുവരി ആറിന് അര്‍ധരാത്രിയിലാണ് ആറു ജീവനെടുത്ത കൂട്ടക്കൊല ആലുവ നഗരമധ്യത്തില്‍ നടന്നത്. റൂറല്‍ ജില്ലാ മേധാവിയുടെ ഓഫീസടക്കം പോലീസിന്റെ വന്‍ സുരക്ഷാമേഖലയ്ക്കു വിളിപ്പാടകലെ നടന്ന ഈ പാതിരാ കൂട്ടക്കുരുതി പുറംലോകം അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞാണ്. സബ്ജയില്‍ റോഡില്‍ മാഞ്ഞൂരാന് അഗസ്റ്റിന് (47), ഭാര്യ ബേബി (42), മക്കളായ ജയ്മോന് (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (72), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണു നിഷ്ഠുരമായി കൊലപ്പെടുത്തിയത്.
സംഭവദിവസം തൊട്ടടുത്ത തിയറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ അഗസ്റ്റിനും ഭാര്യയും മക്കളും പോകുമ്പോള്‍ ഇവരുടെ അകന്ന ബന്ധുവായ പ്രതി ആന്റണി വീട്ടിലുണ്ടായിരുന്നു. കൊച്ചുറാണിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ പണം കടം ചോദിച്ചതിനെച്ചൊല്ലി വഴക്കായി. വിദേശത്തേക്കു പോകാന്‍ പണം തരില്ലെന്നു കൊച്ചുറാണി തറപ്പിച്ചു പറഞ്ഞതോടെ പ്രകോപിതനായ ആന്റണി വാക്കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്നാണു സിബിഐ കണ്ടെത്തല്‍.
തടയാന്‍ ശ്രമിച്ച കൊച്ചുറാണിയുടെ മാതാവ് ക്ലാരയെയും ആന്റണി വകവരുത്തി. സിനിമയ്ക്കു പോയ അഗസ്റ്റിനും കുടുംബവും മടങ്ങിയെത്തിയാല്‍ താനാണു കൊല നടത്തിയതെന്നു തിരിച്ചറിയുമെന്നു മനസിലാക്കിയ ആന്റണി അവര്‍ നാലു പേരെയും കൂടി കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും നാട്ടിലെ കൂലിത്തല്ലുകാരെ മുതല്‍ മുംബൈ അധോലോകക്കാരെ വരെ ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. അഗസ്റ്റിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായ ആന്റണിയില്‍ കണ്ണെത്തുമ്പോഴേക്കും അയാള്‍ മുംബൈ വഴി സൗദി അറേബ്യയില്‍ എത്തിയിരുന്നു. ഫെബ്രുവരി 18നു തന്ത്രപൂര്‍വം ആന്റണിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
ആന്റണി തന്നെയാണു പ്രതിയെന്നു സിബിഐ കണ്ടെത്തി 2005ല്‍ വധശിക്ഷ വിധിച്ചെങ്കിലും പ്രതി ആന്റണി മാത്രമാണെന്നു വിശ്വസിക്കാന്‍ പലരും കൂട്ടാക്കിയില്ല. റെയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാഞ്ഞൂരാന് ഹാര്‍ഡ് വെയേഴ്സ് ഉടമയായിരുന്നു മരിച്ച അഗസ്റ്റിന്. അഗസ്റ്റിനും കുടുംബാംഗങ്ങള്‍ക്കും നഗരത്തിലും പരിസരത്തുമായി കോടികളുടെ ആസ്തി ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിക്കാന്‍ കുടുംബത്തില്‍ ഒരാളെ പോലും ബാക്കിവയ്ക്കാതെ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു ഇതെന്ന് ആദ്യഘട്ടങ്ങളില്‍ സംശയമുയര്‍ന്നിരുന്നു.
സൗമ്യനായ അഗസ്റ്റിനു ശത്രുക്കളുള്ളതായി അടുത്തറിയാവുന്ന ആര്‍ക്കുമറിവില്ലായിരുന്നു. ആന്റണിയെപ്പോലെ ഒരു സാധാരണക്കാരനു തനിച്ച് ആറുപേരെ വകവരുത്താനുള്ള മനക്കരുത്തും ആരോഗ്യവും ഉണ്ടാകില്ലെന്ന വിലയിരുത്തല്‍ സംശയങ്ങള്‍ക്കു കൂടുതല്‍ ബലം നല്കി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആന്റണി സ്വയം ഏറ്റെടുത്തിരുന്നു. ജയിലിലെ സഹതടവുകാരോടും ഇതാവര്ത്തിച്ചിരുന്നെങ്കിലും പിന്നീട് താന്‍ നിരപരാധിയാണെന്നു മൊഴി മാറ്റി.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു വാദം നടന്നത്. 2009ല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആന്റണിയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല.
ഇതിനിടെ 2014-ലെ മറ്റൊരു നിര്‍ണായക വിധി ആന്റണിക്കു പ്രതീക്ഷയ്ക്കു വകനല്കി. വധശിക്ഷയ്ക്കെതിരേ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന വിധിയുടെ ആനുകൂല്യത്തില്‍ ആന്റണിയുടെ വധശിക്ഷ നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നുനടന്ന വാദങ്ങള്ക്കൊടുവിലാണു ജസ്റ്റീസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ ലഘൂകരിച്ചു ജീവപര്യന്തമായി വിധി പ്രസ്താവിച്ചത്.
റിയാസ് കുട്ടമശേരി