ആലുവ: വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ് ലൈൻ റോഡിൽ ടാറിംഗിന് പകരം ഇന്റർലോക്ക് ടൈൽ വിരിച്ചത് അബദ്ധമായി. ഒന്നരയടിയോളം ഉയർച്ച വന്നത് ഇല്ലാതാക്കാനായി മൂന്ന് മീറ്റർ വീതിയുള്ള പാതയുടെ അരികുകൾ സിമന്റ് ചെയ്തെങ്കിലും ചരിവ് കൂടിയതാണ് വാഹനങ്ങൾക്ക് അപകട ഭീഷണിയായിരിക്കുന്നത്.
പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്ന വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് ഓഫീസിനു മുന്നിലാണ് ഏറ്റവും കൂടുതൽ ഉയർച്ച വന്നിരിക്കുന്നത്.
അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറയും എന്ന സ്ഥിതിയാണ്. ഇവിടെയാണെങ്കിൽ ഇരുവശവും വളരെ താഴ്ചയിലുമാണ്. ഇന്നലെ സിമന്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഈ പ്രശ്നം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം മുതൽ മെറ്റൽ വിരിക്കൽ ആരംഭിച്ചതിനാൽ പൈപ്പ് ലൈൻ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പൈപ്പ് ലൈൻ റോഡിനെ സബ് ജയിലുമായി ബന്ധിപ്പിക്കുന്ന ഇഎസ്ഐ റോഡിൽ ഇഎസ്ഐ ഡിസ്പെൻസറി വരെ മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ.
സെന്റ് മേരീസ് സ്കൂളിനു സമീപത്തുനിന്ന് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലൂടെ ഐഎംഎ ഹാൾ വരെയാണ് ആദ്യഘട്ടമായി ഇന്റർലോക്ക് വിരിച്ചു തുടങ്ങിയത്. അതാണിപ്പോൾ ചില മേഖലകളിൽ ഉയരത്തിലായിരിക്കുന്നത്.
എട്ട് മീറ്ററോളം വീതിയുള്ള റോഡിൽ മൂന്ന് മീറ്ററിൽ കൂടുതൽ വീതിയിൽ വാട്ടർ അഥോറിറ്റി റോഡ് അനുവദിക്കാത്തതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം.
ആലുവ നഗരസഭയുടെ പരിധിയിൽ വരുന്ന പൈപ്പ് ലൈൻ റോഡിൽ വാട്ടർ അഥോറിട്ടി ഓഫീസ് മുതൽ നിർമല സ്കൂൾ വരെയുള്ള മേഖലയിലാണ് ഇന്റർലോക്ക് പാത നിർമിക്കുന്നത്. 1.193 കോടി രൂപ അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്.