
ആലുവ: മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട് കേസുകൾ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലുള്ള അതിവേഗത്തിൽ തീർക്കാൻ വേദികളൊരുക്കി എറണാകുളം റൂറൽ പോലീസ്. റിപ്പബ്ലിക് ദിനത്തിൽ മുതിർന്ന പൗരന്മാർക്കായി പ്രശ്നപരിഹാര വേദിയും സൗഹൃദ സംഗമങ്ങളും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരുക്കിയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ മൂന്നു മേഖലകളിലായാണ് സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ ജില്ലാ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇതിലൂടെ സാധ്യമാകുമെന്ന്എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ജീവിതസായാഹ്നത്തിലെത്തിയ മുതിർന്ന പൗരന്മാർക്ക് അവരുടെ അനുഭവങ്ങൾ പോലീസുമായി പങ്കുവയ്ക്കുന്നതിനും സൗഹൃദവേദി അവസരമൊരുക്കും. ഇനി വരുന്ന സംഗമങ്ങളെക്കുറിച്ച് നിർദേശങ്ങളും മുതിർന്ന പൗരന്മാരിൽനിന്ന് സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. നാളെ രാവിലെ 9.30 ന് ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിക്കും.
ആലുവ സബ്ഡിവിഷന് കീഴിലുള്ള മുതിർന്ന പൗരന്മാർക്ക് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സബ്ഡിവിഷകൾക്കു കീഴിലുള്ള മുതിർന്ന പൗരന്മാർക്ക് അതാത് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കാര്യാലയം കേന്ദ്രീകരിച്ചാണ് സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടണം.