ആലുവ: തുടർച്ചയായി ആലുവ ഈസ്റ്റ് പോലീസ് പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിനു പിന്നിൽ വിഗ്രഹദോഷമാണോയെന്ന പേടിയുമായി ഏതാനും പോലീസുകാർ.
ജൂനിയർ മാൻഡ്രേക്ക് സിനിമയെ ഒാർമപ്പെടുത്തുന്ന വാദവുമായിട്ടാണ് ചിലർ രംഗത്തുവന്നിരിക്കുന്നത്. തൊണ്ടിമുതലായി സ്റ്റേഷനിൽ ഒരു വിഗ്രഹം സൂക്ഷിച്ചിട്ടുണ്ട്.
ഇതാണ് പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് ചില പോലീസുകാർ പറയുന്നത്. ഇവർ ചേർന്ന് പ്രശ്നത്തിനു പ്രതിവിധി തേടാനുള്ള ശ്രമത്തിലാണിപ്പോൾ.
ആലുവ തുരുത്തിലെ ഒരു കാവിൽനിന്നു വർഷങ്ങൾക്കു മുമ്പ് കരിങ്കൽ വിഗ്രഹം കാണാതായിരുന്നു. പോലീസ് അന്വേഷണത്തിൽ പിന്നീട് പെരിയാർ തീരത്തുനിന്നും ഇതു കണ്ടെത്തുകയും ചെയ്തു.
കോടതിയിൽ തൊണ്ടിമുതലായി വിഗ്രഹം സമർപ്പിച്ചെങ്കിലും സൂക്ഷിക്കാൻ പോലീസിനെത്തന്നെ കോടതി ഏൽപ്പിക്കുകയായിരുന്നു.
പഴയ പോലീസ് സ്റ്റേഷനിൽ സുരക്ഷിത സ്ഥലത്തായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്. എന്നാൽ, സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ വിഗ്രഹത്തോടു കാണിക്കുന്ന അവഗണനയാണ് ദുർനിമിത്തങ്ങൾക്കു കാരണമെന്നാണ് പോലീസുകാരിൽ ചിലരുടെ പേടി.
മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസിനെതിരേ നിരവധി ആരോപണങ്ങളാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നത്.
മരണക്കുറിപ്പിലെ പരാമർശത്തെത്തുടർന്ന് ആദ്യം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കസേര തെറിച്ചു. സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച പ്രിൻസിപ്പൽ എസ്ഐയും ഗ്രേഡ് എഎസ്ഐയും പിന്നീട് സസ്പെൻഷനിലായി.
കഴിഞ്ഞ ദിവസം ആലുവ പാലസിൽനിന്നു മുഖ്യമന്ത്രിയെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചപ്പോൾ വഴി തെറ്റിയതടക്കമുള്ള നിലവിലെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്.
ആലുവ സ്റ്റേഷനിൽ എസ്എച്ച്ഒയായി ചുമതലയേറ്റ സൈജു കെ. പോൾ ഇപ്പോൾ മെഡിക്കൽ അവധിയിലാണ്.
ജോലി ഭാരവും രാഷ്ട്രീയ ഇടപെടലുകളും മൂലം പല പോലീസുകാരും ആലുവ ഈസ്റ്റ് സ്റ്റേഷനിൽനിന്നു സ്ഥലം മാറാനുള്ള ഓട്ടത്തിലാണ്, അതിനിടയിലാണ് ഇപ്പോൾ പോലീസുകാരുടെ വിഗ്രഹപേടിയും.