റിയാസ് കുട്ടമശേരി
ആലുവ:മുറവിളികൾക്കും എതിർപ്പുകൾക്കും ഒടുവിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം നിർമിക്കാൻ തീരുമാനമാകുന്നു. ഈ വിഷയത്തിൽ ഏറെ നാളുകളായി ആലുവയിൽ ചർച്ചകളും സമരങ്ങളും പരന്പരകളായി തുടർന്നുവരികയായിരുന്നു. പടിഞ്ഞാറൻ കവാടം യാഥാർത്ഥ്യമാകുന്നതോടെ നിർദ്ദിഷ്ഠ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ ഗുഡ്ഷെഡ് നഷ്ടമാകുന്നതിനെച്ചൊല്ലിയായിരുന്നു ആശങ്ക നിലനിന്നിരുന്നത്. എന്നാൽ, റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൃശൂരിലെ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയറിംഗ് വിഭാഗം കവാടത്തിന്റെ രൂപരേഖ തയാറാക്കി തുടങ്ങിയതായിട്ടാണ് വിവരം. ഇതു റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നറിയുന്നു.
രൂപരേഖ തയാറക്കിയശേഷം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ആലുവയിൽ നേരിട്ടെത്തി പടിഞ്ഞാറൻ കവാടത്തിന്റെ സാധ്യതകൾ വിശദമായി വിലയിരുത്തും. അതിനുശേഷം മാത്രമേ ഭരണാനുമതി തേടി ടെൻഡർ നടപടികൾ അടക്കമുള്ള കാര്യങ്ങളിൽ പുരോഗതിയുണ്ടാകൂ. പ്രധാനമായും എത്ര തുക പദ്ധതിക്ക് ആവശ്യമായി വരുമെന്നതിനെക്കുറിച്ചായിരിക്കും പഠനം നടത്തുക. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ചശേഷമായിരിക്കും റെയിൽവേ മന്ത്രാലയത്തിന്റെ തുടർ നടപടികൾ.
എന്നാൽ, നിലവിലെ ഗുഡ്ഷെഡ് പൊളിച്ച് മാറ്റാത്ത രീതിയിലുള്ള നിർമാണം നടത്താനാണ് തീരുമാനമെന്നറിയുന്നു.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലുള്ള മേൽപാലത്തിൽ നിന്നും നിലവിലുള്ള ഗുഡ്ഷെഡിന്റെ മുകളിലൂടെ പാലം നീട്ടി നിർമിച്ച് കവാടം നിർമിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും പഠനം നടത്തുക. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗത്ത് കാടുപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന പ്രദേശം ഉപയോഗപ്പെടുത്തി ചെറിയ വിശ്രമകേന്ദ്രവും ഇരുചക്രവാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കാനും ആദ്യഘട്ടത്തിൽ സജ്ജമാക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
135 കയറ്റിറക്ക് തൊഴിലാളികൾ പണിയെടുക്കുന്ന ആലുവ ഗുഡ്സ് ഷെഡിലെ ഒരു ദിവസത്തെ വരുമാനം ഒന്നരലക്ഷം രൂപയ്ക്ക് മുകളിലാണ്. അങ്കമാലി, കളമശേരി ഗുഡ്സ് ഷെഡുകളിലേക്ക് വാഗണുകൾ തിരിച്ചുവിട്ട് ആലുവയിലെ ഷെഡ് ഒഴിഞ്ഞ ഭാഗത്തേയ്ക്ക് മാറ്റണമെന്ന നിർദേശം ഉയർന്നെങ്കിലും വൻകിട സിമന്റ് കന്പനികൾ ഇതിനോട് യോജിച്ചിരുന്നില്ല. പുതിയ തീരുമാനം റെയിൽവേ യാഥാർത്ഥ്യമാക്കിയാൽ ഗുഡ്സ് ഷെഡ് നിലനിർത്തിക്കൊണ്ടുതന്നെ പടിഞ്ഞാറൻ കവാടം എന്ന സ്വപ്നം പൂവണിയിക്കാൻ കഴിയും.