ആലുവ: ഏഴുവർഷം നീണ്ടുനിന്ന കേസിൽ അനുകൂല കോടതി വിധി വന്നതോടെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ തുടങ്ങി. ഇതിന് മുന്നോടിയായി സ്ഥലം മതിൽകെട്ടി തിരിക്കാനാരംഭിച്ചു.
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഈ മാസം നടപടികൾ പൂർത്തിയാക്കും.റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് തർക്കസ്ഥലം കൂട്ടിച്ചേർക്കുക. മതിൽ ഉയർന്നാൽ റെയിൽവേയുടെ മുന്നിലെ ബിൽഡിംഗുകളിലേക്കുള്ള വഴി ഇല്ലാതാകും.
ഈ കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിന് മുന്നിൽ ഒരാൾക്ക് കഷ്ടിച്ച് പോകാവുന്ന രീതിയിലാണ് മതിൽ നിർമിക്കുക.2003ൽ റെയിൽവേ ഇതേ രീതിയിൽ മതിൽ കെട്ടിത്തിരിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പ് ഉയർന്നതോടെ മതിൽ ഇല്ലാതായി.
തുടർന്ന് അലങ്കാർ കെട്ടിട ഉsമകളും വ്യാപാരികളും ചേർന്ന് ആലുവ മുൻസിഫ്കോടതിയേയും പിന്നീട് ജില്ലാ കോടതിയേയും സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായില്ല. അപ്പീൽ പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ നവംബറിൽ വ്യാപാരികളുടെ വാദങ്ങൾ അംഗീകരിച്ചില്ല.
52 മീറ്റർ നീളത്തിൽ എട്ടുമീറ്റർ വീതിയുള്ള സ്ഥലമാണ് തർക്കത്തിലായത്. എറണാകുളം-ഷൊർണൂർ ആദ്യ റെയിൽപാതയുള്ള കാലത്ത് ഏറ്റെടുത്ത സ്ഥലം മതിൽ കെട്ടിത്തിരിക്കാൻ ആലുവ റെയിൽവേ സ്റ്റേഷന് അധികാരമുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.
1974ൽ റെയിൽവേയുടെ മുന്നിൽ നിർമിച്ച കെട്ടിടം ആസൂത്രണം ചെയ്തപ്പോൾ സ്വന്തമായി വഴി ഉൾപ്പെടുത്തിയില്ല. പകരം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള വഴിയാണ് പാർക്കിംഗിനും മറ്റും ഉപയോഗിച്ചതെന്ന് വിധിയിൽ പറയുന്നു.
കെട്ടിടങ്ങൾക്ക് മറ്റ് പ്രവേശന കവാടങ്ങൾ ഉള്ളതിനാൽ റെയിൽവേ മതിൽ കെട്ടിയാലും പ്രധാന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
എന്നാൽ ഏതാനും വ്യാപാരശാലകളെ ഇത് ദോഷകരമായി ബാധിക്കും. ട്രാവൽസ് ഓഫീസ്, വാച്ച് കട, സി ക്ലാസ് കട എന്നിവയ്ക്ക് പ്രവർത്തിക്കാനാകില്ല.