കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും.
എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. അഡ്വ.ജി. മോഹന്‍രാജാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍.
കൊലപാതകം, ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതിക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം. പ്രതിയുടെ മനസിക നില പരിശോധന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ജയില്‍ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയില്‍ മുദ്രവച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.
നേരത്തെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് ഈ രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയത്. ഈ റിപ്പോര്‍ട്ടുകളും കൂടി അടിസ്ഥാനമാക്കിയുള്ള വിശദമായ വാദം ഇന്ന് നടക്കും.
തുടര്‍ന്ന് ശിക്ഷാവിധി തൊട്ടടുത്ത ദിവസമുണ്ടാകും. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ റിപ്പോര്‍ട്ടായി ഹാജരാക്കിയിട്ടുണ്ട്.
പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞിരുന്നു. ആലുവയിലെ അഞ്ചു വയസുകാരിക്ക് നേരേയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണ്.
പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചിരുന്നു.
ഇക്കാരണങ്ങളാലാണ് പ്രതി അസ്ഫാക് ആലത്തിന് പ്രോസിക്യൂഷന് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. പോക്സോ നിയമപ്രകാരം അതിവേഗം വിചാരണപൂര്ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് 99-ാമത്തെ ദിവസമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.