ആലുവ: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി.
എടയപ്പുറം കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് മരിച്ചത്. അനുജൻ തോമസിനെ ആലുവ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി.
ഇലക്ട്രീഷനാണ് മരിച്ച പോള്‍സണ്‍. ഇയാൾ കാന്‍സര്‍ രോഗിയുമായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം.
ബൈക്ക് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോമസിന്റെ ബൈക്ക് രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരേ തോമസ് പോലീസിൽ പരാതി നല്‍കിയിരുന്നു.
തോമസിന്റെ ബൈക്കിന് പിന്നിലെ സീറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന്റെ പേരിലാണ് തർക്കം നടന്നതെന്നാണ് സൂചന. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾന്റെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. അച്ഛൻ ജോസഫിന്റെ എയർഗണ്ണാണ് കൃത്യത്തിന് പ്രതി ഉപയോഗിച്ചത്. വീട്ടിൽ ഇവർ മൂന്നുപേരും മാത്രമാണ് താമസിച്ചിരുന്നത്.
അയൽവാസികളുമായി സമ്പർക്കവും കുറവാണ്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.