ആലുവ: വൈദ്യുതി പോയാൽ ആലുവസബ് ട്രഷറിയിൽ ഇടപാടുകൾ സ്തംഭിക്കുന്നതായി പരാതി. വൈദ്യുതി തടസപ്പെടാതിരിക്കാനായി പ്രത്യേക ലൈനോ ഇൻവെർട്ടറോ ഇല്ലാത്തതാണ് ദിനം പ്രതി രണ്ടു കോടിയുടെ വരെ ഇടപാട് നടക്കുന്ന ആലുവ സബ് ട്രഷറിയെ മണിക്കൂറുകളോളം പ്രവർത്തന രഹിതമാക്കുന്നത്. പെൻഷൻ അടക്കം വിവിധവശ്യങ്ങൾക്കായി വരുന്നവരാണ് കാത്തുനിന്ന് ബുദ്ധിമുട്ടനുഭവിക്കുന്നത്.
വൈദ്യുതി ബോർഡ് ഇടയ്ക്കിടയ്ക്ക് മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം നിലയ്ക്കുന്ന തിനാൽ കംപ്യൂട്ടർ സിസ്റ്റം കേടാവുന്നുമുണ്ട്. വൈദ്യുതി മുടക്കം വരുന്പോൾ നോട്ട് എണ്ണുന്ന യന്ത്രം പ്രവർത്തിക്കാത്തതാണ് മറ്റൊരു പ്രശ്നം. കൈ വച്ച് എണ്ണുന്നതിനാൽ അധികം തുക നഷടമാകുന്നതും പതിവാണ്. കള്ളനോട്ടുകൾ കണ്ടുപിടിക്കാൻ ഈ ട്രഷറിയിൽ സംവിധാനം ഇല്ലെന്നത് ധനകാര്യ വകുപ്പിനെ നാണിപ്പിക്കുന്നുമില്ല. കോടതിയും പോലീസ് സ്റ്റേഷനുമെല്ലാം തൊട്ടടുത്തതായതിനാൽ ആരും പരീക്ഷണത്തിനു വരാത്തതാകാമെന്നു ജീവനക്കാർ അടക്കം പറയുന്നുണ്ട്.
ജീവനക്കാരുടെ എണ്ണത്തിലും ആലുവ ട്രഷറി വളരെ പിന്നിലാണ്. കളമശേരിയിൽ പുതിയ ട്രഷറി തുടങ്ങിയപ്പോൾ ഏതാനും ജീവനക്കാരെ അങ്ങോട്ടേക്ക് സ്ഥലം മാറ്റി. പകരം ആലുവയ്ക്ക് അനുവദിച്ചതുമില്ല. ജില്ലാ ട്രഷറിയിൽ നിന്ന് പുനർവിന്യാസം ചെയ്ത് കൂടുതൽ പേർ സബ് ട്രഷറികളിൽ എത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം നീക്കം വിജയിച്ചിട്ടില്ല.
ആലുവയിൽ ഒരു ട്രഷറി ഓഫീസർ, ട്രഷറർ, സൂപ്രണ്ട്,ആറ് ക്ലർക്കുമാർ, നാല് ക്ലാസ് ഫോർ എന്നിവരടക്കം 14 പേരാണ് ജീവനക്കാരായി ഉള്ളത്. 200 ചെല്ലാൻ വരെ കൈകാര്യം ചെയ്യുന്നതിനാൽ പലപ്പോഴും രണ്ടു കോടി രൂപയുടെ ഇടപാടുകളാണ് നടക്കുക.
ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ചു കളഞ്ഞു പുതിയ കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് ഇതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴെങ്കിലും കാലപ്പഴക്കം വന്ന ഉപകരണങ്ങൾ മാറ്റിത്തരുമെന്നും നവീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജീവനക്കാർ.