ആലുവ: മാർക്കറ്റിന് സമീപം കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽനിന്നും തലയോട്ടിയടങ്ങിയ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം വൈകും. എന്നാൽ അസ്ഥികൂടത്തിലെ എല്ല് പരിശോധിച്ചതിൽ നിന്നും മരിച്ചത് പോലീസ് സംശയിക്കുന്ന മാറമ്പിള്ളി സ്വദേശി മണിലാൽ തന്നെയാണെന്നതിന് കൂടുതൽ സൂചനകൾ ലഭിച്ചു.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതുകാലിന്റെ ഒരു വിരൽ മുറിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. എല്ല് പരിശോധിച്ചതിൽ നിന്നും ഇതു വ്യക്തമായതായാണ് സൂചന. എന്നാൽ, അസ്ഥികൂടത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
വിവാഹിതനായ മണിലാലിന് ഒരു മകനുണ്ട്. ജോലിക്ക് പോകാൻ മടികാണിച്ചിരുന്നതിനെ ചൊല്ലി വീട്ടുകാരുമായി പിണക്കത്തിലായിരുന്നെന്ന് പറയപ്പെടുന്നു. പുകവലിയോ, മദ്യപാനമോ ഉണ്ടായിരുന്നില്ല. ഏഴിപ്രത്ത് ആറ് സെന്റ് സ്ഥലവും വീടുമുണ്ടെങ്കിലും അവിടെ ആരും താമസിക്കുന്നില്ല.
നാലുമാസം മുമ്പ് അശോകപുരം മനയ്ക്കപ്പടിയിലെ ബന്ധുവീട്ടിൽ ഇയാൾ ചെന്നിരുന്നു. ഫയർ സ്റ്റേഷനടുത്തുള്ള സവാളക്കടയിൽ ജോലിയുണ്ടെന്നും കടയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കിടക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതിനുമുമ്പ് കരിയാട്ടിലെ ഒരു പാലിയേറ്റീവ് കെയറിലാക്കിയെങ്കിലും അവിടെനിന്നും ഇയാൾ അവിടെനിന്നും പോവുകയായിരുന്നു.
പ്രമേഹം മൂർച്ഛിച്ചതും ഭക്ഷണം കൃത്യമായി ലഭിക്കാതിരുന്നതുമാകാം മരണകാരണമെന്ന് സംശയിക്കുന്നു. രണ്ടു മാസം മുമ്പ് മരണം സംഭവിച്ചിട്ടുണ്ടാകാം. ലോക്ഡൗണിനെ തുടർന്ന് കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ മൃതദേഹം അഴുകിയത് ആരും അറിഞ്ഞിരുന്നില്ല. ഫൊറൻസിക് വിഭാഗവും പോലീസും സംഭവസ്ഥലത്തെ ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അവിടെനിന്നും ആധാർ കാർഡിലെ തെറ്റ് തിരുത്താൻ സമർപ്പിച്ച അപേക്ഷയുടെ കോപ്പി ലഭിച്ചതാണ് തിരിച്ചറിയാൻ സഹായകമായത്. ഇതിൽ ഫോട്ടോയുമുണ്ടായിരുന്നു. ഡിഎൻഎഫലം കിട്ടിയ ശേഷം മാത്രമേ കേസിൽ സ്ഥിരീകരണമാകൂ. ഇതിനായി ബന്ധുക്കളുടെ ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആലുവ ഈസ്റ്റ് സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.