ആലുവയില്‍ ബാങ്കിലെ സ്വര്‍ണപണയം തട്ടിച്ച സിസ്‌മോളെ ചതിച്ചത് ഭര്‍ത്താവാണെന്നു സൂചന, ബാങ്കിനെ നൈസായി കബളിപ്പിച്ചത് ഭര്‍ത്താവിന്റെ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസിനായി, വിളിയെത്തിയപ്പോള്‍ സിസ്‌മോള്‍ നാടുവിട്ടു

ആലുവയില്‍ ബാങ്കിലെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ക്കു പകരം റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍വച്ച് മറിച്ചുവിറ്റ് മൂന്നു കോടിയോളം രൂപ അസിസ്റ്റന്റ് മാനേജരായ യുവതി തിരിമറി നടത്തിയ കേസ് വഴിത്തിരിവിലേക്ക്. ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് നടത്തി വന്നിരുന്ന ഷെയര്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിക്ഷേപിക്കാനാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ്‌മോള്‍, ഭര്‍ത്താവ് സജിത്ത് എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കോടികളുടെ തട്ടിപ്പ് ബാങ്ക് അധികൃതര്‍ തിരിച്ചറിയുന്നത്. 128 ഇടപാടുകാരില്‍നിന്നും 8852 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ബാങ്കിനെ കബളിപ്പിച്ച് കവര്‍ന്നത്.

വെള്ളിയാഴ്ച പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത ഒരാള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. തുടര്‍ന്ന് ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിക്കുകയും ഇവര്‍ ലോക്കറുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നുമാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് മാനേജര്‍ നല്കിയ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിസ്‌മോളുടെ ഭര്‍ത്താവ് സജിത്ത് പ്രമുഖ ഷെയര്‍മാര്‍ക്കറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ബിസിനസിലെ നേട്ടം മനസിലാക്കിയ ഇയാള്‍ സ്വന്തമായി ഷെയര്‍ മാര്‍ക്കറ്റ് സ്ഥാപനം ആരംഭിച്ചു. ഇതിലേക്ക് നിക്ഷേപം കണ്ടെത്താന്‍ ഭാര്യയുടെ ബാങ്ക് ഉദ്യോഗം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ബാങ്കില്‍ പണയ ഇടപാടുകളുടെ ചുമതല വഹിച്ചിരുന്ന സിസ്‌മോള്‍ ഈ സൗകര്യം ഉപയോഗിച്ച് പലപ്പോഴായി ലോക്കറില്‍നിന്നും സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.

പകരം അതേ രൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടകള്‍ ലോക്കറില്‍ തിരികെ വയ്ക്കുകയും ചെയ്തു. എറണാകുളത്ത് ബാങ്കിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന സിസ്‌മോള്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം ഒളിവില്‍ പോകുകയായിരുന്നുവെന്നാണ് സൂചന.

സൈബര്‍ സെല്ലിന്റെയടക്കം സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായരുടെ നിര്‍ദേശപ്രകാരം സിഐ വിശാല്‍ കെ. ജോണ്‍സണിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.

Related posts