ആലുവ: ആലുവ മേൽപ്പാലത്തിനടിയിൽ മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് രൂക്ഷമാകുന്നത് കാൽനട യാത്രക്കാരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു.
അശാസ്ത്രീയമായ രീതിയിൽ അണ്ടർ പാസേജുകൾ നിർമിച്ചതും വെള്ളമൊഴുകി പോകാൻ കാനകളില്ലാത്തതുമാണ് പ്രധാന പ്രശ്നം. ഭൂരിഭാഗം അണ്ടർ പാസേജ് ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. അതിനാൽ ഗതാഗതകുരുക്കുമുണ്ട്.
ആലുവയിൽനിന്നും അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയുന്ന ഭാഗത്താണ് കൂടുതൽ വെള്ളക്കെട്ട്.
കളമശേരി ഭാഗത്തുനിന്നും നഗരത്തിലേക്കു വരുന്ന ബസുകൾ തിരിയുന്ന സ്ഥലവും വെള്ളക്കെട്ടാണ്. ചില ഭാഗങ്ങളിൽ ഒരടിയിലേറെ വെള്ളം ഉയരുന്നുണ്ട്.
ബൈപ്പാസ് ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവർ മെട്രോ സ്റ്റേഷന് മുമ്പിലെ സമാന്തര റോഡ് വഴി പുളിഞ്ചോട് കവലയിലെത്തി വേണം ദേശീയപാതയിൽ പ്രവേശിക്കാൻ. അതിനാൽ ഈ ഭാഗത്ത് സമാന്തര റോഡിലും വാഹനങ്ങളുടെ തിരക്കാണ്.
നടപ്പാതയിലൂടെ പോയാലും കാൽനട യാത്രക്കാർക്ക് ചെളിയഭിഷേകം ഉറപ്പാണ്. വാഹനങ്ങൾ പോകുമ്പോഴുള്ള ചെളി വെള്ളം വസ്ത്രങ്ങളിൽ പതിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.