ആലുവ: സിനിമാ സ്റ്റൈലിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് ആലുവ നഗരമധ്യത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റുകൾ തുടരുമ്പോഴും ദുരൂഹതയഴിക്കാനാകാതെ പോലീസ്.
സ്വർണപ്പണിക്കാരന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. സംഭവത്തിൽ ഗോവ, കണ്ണൂർ സ്വദേശികളായ ഒരു സ്ത്രീയടക്കമുള്ള സംഘം പിടിയിലായെങ്കിലും ഇവർക്ക് പ്രാദശിക സഹായം ലഭിച്ചിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ്.
കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. രാവിലെ 11 ഓടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് അഞ്ചുപേർ എത്തിയത്.
സഞ്ജയെയും കുടുംബത്തെയും തടഞ്ഞുവച്ച സംഘം വീട്ടിൽ മുഴുവൻ തെരച്ചിൽ നടത്തിയാണ് അമ്പതു പവനോളം സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്.
രണ്ടുമണിക്കൂറോളം നേരമാണ് സംഘം വീട്ടിൽ കർച്ചയക്കായി ചിലവഴിച്ചത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളിൽ ചിലരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു.
കവർച്ച സംഘത്തിന് സഹായങ്ങൾ നൽകിയ ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
എന്തുകൊണ്ടാണ് ബാങ്ക് കവലയിലുള്ള സഞ്ജയിയുടെ വീട് തന്നെ സംഘം കവർച്ചക്കായി തെരഞ്ഞെടുത്തുവെന്നത് ദുരൂഹമാണ്.
കവർച്ച സംഘത്തിൽ ഉൾപ്പെട്ടവർക്ക് ആലുവയുമായി കാര്യമായ ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും കൂടുതൽ അറസ്റ്റുകൾ വൈകുകയാണ്. പ്രതികളുടെ നിസഹകരണം ഇതിന് തടസമാകുകയാണ്.
സ്വർണമുണ്ടെന്ന് എങ്ങനെയറിഞ്ഞു
ആലുവയിലെ കച്ചവടക്കാർക്ക് സ്വർണാഭരണങ്ങൾ നിർമിച്ച് നൽകുന്ന സജ്ഞയിയുടെ വീട്ടിൽ ഇത്രയധികം സ്വർണമുണ്ടാകുമെന്ന് ഇവർക്ക് എങ്ങിനെയാണ് വിവരം ലഭിച്ചിട്ടുണ്ടാകുകയെന്ന കാര്യവും പരിശോധിച്ചു വരികയാണ്.
പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
സംഭവത്തിന് ശേഷം കവർച്ച സംഘത്തിനിടയിൽ ഭിന്നതയുണ്ടായതായും സംശയിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതും വിവരങ്ങൾ കൈമാറിയിരുന്നതും ഒടുവിൽ അറസ്റ്റിലായ സുഹറയെന്ന സ്ത്രീയാണ്.
പത്രങ്ങളിൽ വന്നിരുന്ന വാർത്തകളടക്കം പ്രതികളെ ഇവർ അറിയിച്ചിരുന്നതായും അറിയുന്നു.
വീടും പരിസരവും നിരീക്ഷിച്ചു
ഇതിനിടയിൽ പ്രധാന പ്രതിയായ ഗോവ സ്വദേശി ഡേവിഡ് ഡയസ്, കവർച്ച നടത്തിയതിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് നഗരത്തിലെ ഹോട്ടലിൽ താമസിച്ച് വീടും പരിസരവും നിരീക്ഷിച്ചിരുന്നതായി വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ആലുവയിൽ താമസിച്ചിരുന്ന ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘാംഗങ്ങളോടൊപ്പം തലേ ദിവസവും ഹോട്ടലിൽ താമസിച്ചാണ് ഇയാൾ കവർച്ച നടത്തിയത്.
സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇതു വരെ അഞ്ചുപേർ അറസ്റ്റിലായി.
ഡേവിഡ് ഡയസ്, സുഹറ എന്നിവർക്ക് പുറമെ ഗോവ സ്വദേശി റമീവാസ്, മൗലാലി ഹബീബുൽ ഷേക്, കണ്ണൂർ സ്വദേശി അബൂട്ടി, എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഹാരിസ്, ഹമീദ് എന്നി രണ്ട് പേരെയാണ് പിടികിട്ടാനുള്ളത്.