ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ മൂന്നു വയസുള്ള കുട്ടി മരിച്ച സംഭവത്തില്‍ മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്ന് വ്യക്തമാക്കി ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട്.
കാക്കനാട് കെമിക്കല്‍ ലാബ് തയാറാക്കിയ റിപ്പോര്‍ട്ട് എറണാകുളം ഗവൺമെന്റ് മെഡിക്കല്‍ കോളജ് പോലീസ് സര്ജന് വഴിയാണ് അന്വേഷണ സംഘത്തലവനായ ബിനാനിപുരം സിഐ വി.ആര്. സുനില്‍കുമാറിനു കൈമാറിയത്.
നാണയം വിഴുങ്ങിയതോ, മറ്റ് വിഷാംശം ഉള്ളില്‍ ചെന്നതോ അല്ല മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. നിരന്തരമായ ശ്വാസം മുട്ടല്‍ കാരണം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാര്‍ ഉണ്ടായിരുന്നതായും പറയുന്നു.
എന്നാല്‍ നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിനോ കുടലുകള്‍ക്കോ മുറിവില്ലെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടു നാണയങ്ങൾ ഉണ്ടായിരുന്നു.
എറണാകുളം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദിനിയുടെ മകന് പൃഥ്വിരാജ് ആണ് മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയുമായി ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.