ആലുവ: എടയപ്പുറം ചാത്തൻപുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റൽരാജ് (27) പെൺകുട്ടി താമസിച്ചിരുന്ന വീടിനുള്ളിൽ കയറിയത് മൊബൈൽ ഫോൺ മോഷ്ടിക്കാൻ.
അവിടെ കണ്ട മൊബൈൽ ആദ്യം എടുത്ത ശേഷം ഉറങ്ങുന്ന കുട്ടിയെ കണ്ടപ്പോൾ കുട്ടിയേയും എടുത്തു കൊണ്ട് പോകുകയായിരുന്നെന്ന് പ്രതി പോലീസിനോട് ചോദ്യംചെയ്യലിൽ വിശദീകരിച്ചു. പ്രതി ഇതേ സ്ഥലത്ത് കുറച്ചു ദിവസം ചുറ്റി കറങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട് കണ്ടു വച്ച ശേഷം ആസുത്രിതമായി അകത്തുകയറിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കേസിൽ അറസ്റ്റിലായ ക്രിസ്റ്റൽരാജിനെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 21 വരെ റിമാൻഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. എറണാകുളം പോക്സോ കോടതിയായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
കുട്ടിയുമായി പ്രതി പോകുന്നത് നേരിട്ടുകണ്ട അയൽവാസിയും ദൃക്സാക്ഷിയുമായ ഈഴവത്തറയിൽ സുകുമാരൻ മജിസ്ട്രേറ്റ് മുമ്പാകെയെത്തി തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനമായിട്ടുണ്ട്.
ജേഷ്ഠസഹോദരനൊപ്പം വാടക വീട്ടിലെ ഹാളിൽ ഉറക്കത്തിലായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോകുകയായിരുന്നു. 150 മീറ്റർ ദൂരെയുള്ള പാടശേഖരത്തിലെത്തിച്ചാണ് പീഡിപ്പിച്ചത്.
അര മണിക്കൂറിന് ശേഷം കുട്ടി വിവസ്ത്രയായി രക്തം വാർന്ന നിലയിൽ തെരച്ചിൽ നടത്തുകയായിരുന്ന അയൽവാസികളുടെ മുമ്പിൽ കരഞ്ഞുകൊണ്ട് ഓടി വരികയായിരുന്നു. കുപ്രസിദ്ധ കുറ്റവാളിയായ കൊക്ക് എന്നറിയപ്പെടുന്ന ക്രിസ്റ്റൽ രാജിനെ വ്യാഴാഴ്ച വൈകിട്ട് നാലോടെ ആലുവ മാർത്താണ്ഡവർമ പാലത്തിനടിയിൽ പെരിയാറിൽ നിന്നാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി രണ്ടിന് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് പ്രതി തട്ടികൊണ്ടുപോയത്. എന്നാൽ അയൽവാസികൾ കുട്ടിയുടെ നിലവിളി കേട്ട് പുറകെ ചെന്നതിനാൽ കുട്ടിയെ തിരികെ ലഭിക്കുകയായിരുന്നു.
പെരുമ്പാവൂരിൽ പോക്സോ കേസിലും പ്രതി
ക്രിസ്റ്റലിന്റെ പേരിൽ എറണാകുളത്തും മറ്റു ജില്ലകളിലും നിരവധി കേസുകളുണ്ട് പ്രതിയെ വിട്ടുകിട്ടിയാൽ മാത്രമെ കേസുകളുടെ പട്ടിക തയാറാക്കാനും എടയപ്പുറം കേസിൽ മോഷ്ടിച്ച അമ്മയുടെ മൊബൈൽ കണ്ടത്താനും കഴിയുകയുള്ളൂ.
പെരുമ്പാവൂരിൽ ഒരു പോക്സോ കേസിലും ഇയാൾ പ്രതിയാണ്. പെരുമ്പാവൂരിൽ മൊബൈൽ ഫോണും ലാപ്ടോപ്പും മോഷണം നടത്തിയ മറ്റൊരു കേസിൽ വിയൂർ ജയിലിൽ ശിക്ഷ അനുഭവിച്ച ശേഷം കുറച്ചു ദിവസം മുമ്പാണ് പ്രതി എറണാകുളം ജില്ലയിൽ എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ പെരുമ്പാവൂരിൽ ബൈക്ക് മോഷ്ടിച്ച കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈൽ മോഷണം ഹരമാക്കിയ പ്രതിയുമായി മൊബൈൽ ഫോൺ ഇടപാട് നടത്തുന്ന ഒരാൾ നിരീക്ഷണത്തിലാണ്. ഇയാൾ വഴിയാണ് മോഷ്ടിക്കുന്ന മൊബൈലുകൾ വിൽക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജില്ലയിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഇടപാട് കൂടുതലായി നടക്കുന്നത്. അലുവയിൽ ഇയാൾ കുറച്ചു നാൾ മുമ്പ് മൊബൈൽ മോഷണം നടത്തിയതായും സംശയമുണ്ട്. തോട്ടക്കാട്ടുകര മേഖലയിലെ വീടുകളിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം ഇയാളുടെ മുഖവുമായി സാദൃശ്യമുണ്ട്.