ആലുവ: വാഗമണ്ണിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കടത്തിയ ലഹരിമരുന്നിന് ആലുവയിൽ പിടിവീണു.
പതിവ് വാഹന പരിശോധനക്കിടയിൽ ആലുവ എക്സൈസ് സിഐ നിജുമോനും സംഘവുമാണ് 40 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മെതിലിൻ ഡയോക്സി മെതാം ഫിറ്റമിൻ എന്ന രാസലഹരിയാണിതെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ.അശോക് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗവി സ്വദേശി ജിജോ, പള്ളുരുത്തി സ്വദേശി റംഷാദ് എന്നിവരെയാണ് ആലുവ പുളിഞ്ചോട് ഭാഗത്തുവച്ച് എക്സൈസ് സംഘം പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിൽ ഒരാൾക്ക് ഒരു പാക്കറ്റ് കൈമാറിയ ശേഷം വാഗമണ്ണിലേക്ക് പോകും വഴിയായിരുന്നു അറസ്റ്റ്.
നിശാ പാർട്ടികളിലും ഹോം സ്റ്റേ കേന്ദ്രീകരിച്ചും പ്രവർത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവരെന്ന് സൂചനയുണ്ട്.
സിഐയെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ പി.കെ. ഗോപി, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺ കുമാർ,ബസന്ത് കുമാർ,സജോ വർഗ്ഗീസ്,അനൂപ്.പി.ജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.