റിയാസ് കുട്ടമശേരി
ആലുവ: ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുകയാണ് ആലുവയുടെ ജനപ്രതിനിധി. സുമനസുകളുടെ സഹായം സ്വരൂപിച്ച് അമ്മക്കിളിക്കൂട് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയ ആലുവ എംഎൽഎ അൻവർ സാദത്തിനാണ് ഈ അംഗീകാരം.
പെണ്‍കുഞ്ഞുങ്ങളുമായി അടിച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന വിധവകളായ അമ്മമാർക്ക് കയറിക്കിടക്കാൻ കെട്ടുറപ്പുള്ള ഭവനങ്ങൾ ഒരുക്കി കൊടുക്കുന്ന പദ്ധതിയാണ് അമ്മകിളിക്കൂട്. ഇതിനോടകം 33 വീടുകൾ നിർമിച്ച് നല്‍കിക്കഴിഞ്ഞു.
ഏഴുവീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആലുവ നിയോജകമണ്ഡലത്തിൽനിന്നും അന്‍പതോളം അപേക്ഷകൾ പരിഗണന കാത്ത് ഫയലുകളിലുമുണ്ട്.
2011 മുതൽ ആലുവയെ കേരളനിയമസഭയിൽ പ്രതിനിധീകരിക്കുന്ന സമാജികനാണ് അൻവർ സാദത്ത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായി പൊതുപ്രവർത്തനം ആരംഭിച്ച അൻവർ സാദത്തിനെ തേടി പിന്നീടെത്തിയത് ജില്ലാപഞ്ചായത്ത് മെന്പർ സ്ഥാനമായിരുന്നു.
നെടുന്പാശേരി ഡിവിഷനിൽ അംഗമായിരിക്കുന്പോഴാണ് നിയമസഭയിൽ മത്സരിക്കാനുള്ള നിയോഗമെത്തിയത്. പുനർ നിർമിച്ച ആലുവ മണ്ഡലത്തിൽ സിപിഎമ്മിലെ എം.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് ആദ്യ എംഎൽഎ ആകുന്നത്. 2016-ൽ സി.പി.എമ്മിലെ തന്നെ അഡ്വ. വി. സലിമിനെ പരാജയപ്പെടുത്തി തന്റെ ആധിപത്യം ആലുവയിൽ അരക്കെട്ടുറപ്പിക്കുകയായിരുന്നു.
എടത്തല പഞ്ചായത്തിലെ ഒന്‍പതാം വാർഡിൽ സൈന തങ്കപ്പന് വീടൊരുക്കിയായിരുന്നു പദ്ധതിയുടെ തുടക്കം. പിന്നീട് പി.കെ. അമ്മിണി (കീഴ്മാട്), സിന്ധു ഗോപി (ചൂർണിക്കര), പ്രേമ രാധാകൃഷ്ണൻ (ചെങ്ങമനാട്), സജിനി പി.കെ (നെടുന്പാശേരി), ഷാജിത ജയപ്രകാശ് (ചെങ്ങമനാട്), മണി തങ്കപ്പൻ (ചെങ്ങമനാട്), സരസ്വതി ചന്ദ്രൻ (ചെങ്ങമനാട്), മല്ലിക ചന്ദ്രൻ (നെടുന്പാശേരി), ഉഷ സദാശിവൻ (കണ്ണൂർ), സതി രാജു (നെടുന്പാശേരി), ആത്തിക്ക (എടത്തല), സുരഭി (കാഞ്ഞൂർ), ശെൽവി രാജൻ (ശ്രീമൂലനഗരം), ജിഷ ഓമനക്കുട്ടൻ (കാഞ്ഞൂർ), സിന്ധു (എടത്തല), സബ്ന ബഷീർ (ചെങ്ങമനാട്), സുനിത അൻവർ (ശ്രീമൂലനഗരം), സോജി സാബു (നെടുന്പാശേരി), രേഖ സുദർശൻ (ശ്രീമൂലനഗരം), നാണി (ചെങ്ങമനാട്), ചിന്നമ്മ ബെന്നി (ചൂർണിക്കര), ഷെൽജി ബിജു (കാഞ്ഞൂർ), ഏലിയമ്മ എബ്രഹാം (നെടുന്പാശേരി), ബിന്ദു ചൂളയ്ക്കൽ (എടത്തല), വിജയമ്മ (കീഴ്മാട്), ഫിലോമിന (ചെങ്ങമനാട്), ശോഭ (ചൂർണിക്കര), നിഷ സുനിൽ (നെടുന്പാശേരി), ഗംഗാമണി (കാഞ്ഞൂർ), ലത്തീഫ (ചെങ്ങമനാട്), ബീബി ഉബൈസ് (ചെങ്ങമനാട്), സൗദ ബീവി (ചൂർണിക്കര) എന്നീ മുപ്പത്തിമൂന്ന് നിരാലംബരായ അമ്മമാർക്കാണ് ഇതിനകം വീടുകൾ പൂർത്തീകരിച്ചുകൊടുത്തത്.
സുനിദത്ത് ബീവി (നെടുന്പാശേരി), ബീവി (ചൂര്‍ണിക്കര), അമ്മിണി (ചെങ്ങമനാട്), ശാലിനി (ശ്രീമൂലനഗരം), ജിഷ (കീഴ്മാട്), പുഷ്പകുമാരി (ആലുവ), ആബിദ (കീഴ്മാട്), റോസ്മോൾ (ശ്രീമൂലനഗരം) എന്നിവരുടെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഇതുകൂടാതെ തന്നെ തേടിയെത്തിയ അന്‍പതോളം അപേക്ഷകൾക്ക് പരിഹാരം കാണാനുള്ള പരിശ്രമിത്തിലാണെന്ന് അൻവർ സാദത്ത് എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു.
സ്വന്തമായി ഭൂമിയുള്ളവർക്ക് 510 സ്ക്വയർഫീറ്റിൽ ആറ് ലക്ഷത്തിലധികം തുക മുകടക്കിയാണ് വീട് നിർമിച്ച് നല്‍കുന്നത്. ഈ പദ്ധതിക്ക് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്. പ്രമുഖ ചലച്ചിത്രതാരങ്ങൾ അമ്മകിളിക്കൂടിന്റെ തറക്കല്ലിടൽ ചടങ്ങുകളിലും സമർപ്പണവേദികളിലും എത്തുന്നത് പതിവാണ്.
മറ്റൊരു ജനപ്രതിനിധിയും കാണിക്കാത്ത ചങ്കൂറ്റം സ്വന്തം മണ്ഡലത്തിൽ കാണിച്ച അൻവർ സാദത്ത് എംഎൽഎമാരിൽ ഏറെ വ്യത്യസ്തനാവുകയാണ് അമ്മകിളിക്കൂടിലൂടെ.