ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയെച്ചൊല്ലി കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ കുത്തിയിരിപ്പു സമരം മൂലം മൂന്നുനാൾ നിശ്ചലമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ.
ആരോപണ വിധേയനായ സിഐയെ സസ്പെൻഡ് ചെയ്തതോടെ അമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന സമരത്തിൽനിന്നും കോൺഗ്രസ് പിൻവാങ്ങിയതോടെ പോലീസ് സ്റ്റേഷനും പരിസരവും സാധാരണ നിലയിലായി.
ഇന്നലെ ഉച്ചയോടെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അൻവർ സാദത്ത് എംഎൽഎയെ ഫോണിൽ വിളിച്ചാണ് സിഐയെ സസ്പെൻഡ് ചെയ്തയായി അറിയിച്ചത്.
സസ്പെൻഷൻ വാർത്ത നേരത്തെയറിഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചശേഷം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു നേതാക്കൾ.
ബുധനാഴ്ച രാവിലെ ഒൻപത് മുതലാണ് ആലുവ പോലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എംഎൽഎ കുത്തിയിരുപ്പ് ആരംഭിച്ചത്.
പിന്നാലെ ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ എന്നിവവരുടെ നേതൃത്വത്തിൽ കൂടുതൽ നേതാക്കളും പ്രവർത്തകരുമെത്തുകയായിരുന്നു.
ആരോപണ വിധേയനായ സിഐയെ സസ്പെൻഡ്ചെയ്ത ശേഷമേ പിൻമാറുവെന്ന നിലപാടിലായിരുന്നു സമരക്കാർ.
ഡിഐജിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ആദ്യം സമരത്തെ ഗൗരവത്തോടെ കണ്ടില്ല.
ഓരോ ദിവസവും ജനപങ്കാളിത്തമേറി വന്നു. സ്റ്റേഷനകത്ത് സമാധാനപരമായി സമരം നടക്കുമ്പോൾ പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുകയായിരുന്നു.
ഇതിനിടയിൽ ഡിസിസി ആഹ്വാനം ചെയ്ത എസ്പി ഓഫീസ് മാർച്ച് സംഘർഷഭരിതമായി. ഒടുവിൽ പോലീസിനു ജലപീരങ്കിയും കണ്ണീർവാതകവും പോലീസിനു പ്രയോഗിക്കേണ്ടിവന്നു.പോലീസ് സ്റ്റേഷനു മുന്നിലെ മൂന്നാർ റോഡ് മൂന്നു ദിവസം അടച്ചിടേണ്ടിയും വന്നു.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്റ്റേഷന്റെ പ്രവർത്തനം തുടർച്ചയായ 50 മണിക്കൂറിലധികം നിശ്ചലമാകുന്നത്.
പരാതിക്കാർക്ക് ആർക്കും തടസമുണ്ടാക്കാതെയാണ് സമരം നടന്നതെങ്കിലും സമരക്കാരല്ലാതെ ആരും സ്റ്റേഷനിലേക്ക് കടന്നു വന്നിരുന്നില്ല.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ആരും അധികം പുറത്തേക്കും പോയില്ല. ഇതിനിടയിൽ സ്റ്റേഷനകത്ത് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ തോതിൽ വാക്ക് തർക്കവും നടന്നു.
ഡിഐജിയും എസ്പിയും വന്ന വാഹനം ഗേറ്റിൽ തടയുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തെതെങ്കിലും പോലീസ് കൂടുതൽ പ്രകാപിതരായില്ല.
ഉന്നത ഉദ്യോഗസ്ഥർ ഒടുവിൽ നടന്നാണ് സ്റ്റേഷനിലേക്ക് കയറിയത്. ഭരണഘടനാ സംരക്ഷണദിനമായ ഇന്നലെ സ്റ്റേഷൻ മുറ്റത്ത് പ്രതിജ്ഞ ചൊല്ലിയാണ് രണ്ട് രാവും മൂന്നു പകലും നീണ്ടു നിന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
പോലീസ് കസ്റ്റഡി അപേക്ഷ നൽകി
കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ പ്രതികളായ ഭർത്താവ് കോതമംഗലം ഇരുമലപ്പടി മലേക്കുടി മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.