ബോബൻ ബി. കിഴക്കേത്തറ
ആലുവ: നഗരത്തിലെത്തുന്നവരുടെ മനസിനെ ഒരു ദശാബ്ദക്കാലമായി ആനന്ദിപ്പിക്കുന്ന ശിൽപ്പഭംഗി പ്രളയകാലത്തെ ഓർമിപ്പിക്കുന്ന അടയാളമായി. കാരോത്തുകുഴി ജംഗ്ഷന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തോണിയും തോണിക്കാരനുമാണ് പ്രളയത്തിൽ അമർന്ന ആലുവയിൽ രക്ഷകരായെത്തിയ മൽസ്യത്തൊഴിലാളികളുടെ നിസ്വാർത്ഥ സേവനത്തിന്റെ സ്മരണികയായി കാലം മാറ്റിയിരിക്കുന്നത്.
കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ എം.പി. മനോജാണ് നഗരത്തിലെ പ്രധാന കവലയിൽ സുന്ദരമായ ശിൽപ്പം സ്ഥാപിക്കാൻ 2009ൽ നിയോഗിക്കപ്പെട്ടത്. സമീപത്തെ കാരോത്തുകുഴി ആശുപത്രിയാണ് ഇതിനായി തുക നൽകാൻ തയാറായത്.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മൂന്ന് മാതൃകകളിൽനിന്ന് തോണിയെന്ന ശിൽപ്പത്തെ അന്നത്തെ കാരോത്തുകുഴി മാനേജ്മെന്റ് തിരഞ്ഞെടുത്തത്. വൈറ്റ് സിമെന്റ്, പലതരം ജെല്ലികൾ, റെഡ് ഓക്സൈഡ് എന്നിവ ചേർത്താണ് ശിൽപ്പത്തിന് രൂപം നൽകിയത്. അന്നത്തെ എംഎൽഎയായ കെ. മുഹമ്മദാലിയാണ് ശിൽപ്പം ഉദ്ഘാടനം ചെയ്തത്.
കാലചക്രം തിരിഞ്ഞതോടെ ശിൽപ്പത്തിന് ജീവൻ വച്ചെന്നപോലെ നഗരത്തിൽ തോണിയിൽ മൽസ്യത്തൊഴിലാളികൾ എത്തി. പ്രളയകാലത്ത് ആലുവ നഗരത്തിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ തോണികളും മത്സ്യത്തൊഴിലാളികളും ഇറങ്ങിയത് ആകസ്മികതയായാണ് ചിത്രകാരനും കാണുന്നത്. ആലുവ നിവാസികൾക്കിപ്പോൾ പ്രളയകാലത്തെ ഓർമ്മപ്പെടുത്തുന്ന ശിൽപമാണിത്.
എല്ലാ വർഷവും ശിവരാത്രിനാളിൽ ശിൽപ്പത്തെ നിറങ്ങൾ പൂശി മനോഹരമാകുന്നത് ഇതുവരെ മുടക്കിയിട്ടില്ലെന്ന് കാരോത്തുകുഴി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കെ.എച്ച്. സിദ്ദിക്ക് ദീപിക പത്രത്തോട് പറഞ്ഞു. കാരോത്തുകുഴി കവലയുടെ വികസനത്തിനായി പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. ജംഗ്ഷൻ വികസിക്കുന്നതോടെ കൂടുതൽ മിഴിവ് കടലിലെ തോണിയെന്ന ശിൽപത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആലുവ നിവാസികൾ.