ആലുവ: പെരിയാർ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ചരക്കു തീവണ്ടിയുടെ ബോഗികളിൽ കയറി ജീവനും കൊണ്ട് പാലായനം ചെയ്ത ഞെട്ടിക്കുന്ന ഓർമ മായാതെ ആലുവ തുരുത്ത് ഗ്രാമം.
മഹാപ്രളയത്തിന്റെ മൂന്നാം വാർഷിക ദിനമായ ഇന്നലെയും അവർ ആ ഓർമകൾ പങ്കുവച്ചു. 2018ലെ സ്വാതന്ത്ര്യദിന പുലർച്ചെയാണ് ആലുവപ്പുഴയിലെ ജലനിരപ്പ് ഉയർന്നത്.
പെരിയാറിന്റെ ഇരുകരകളിലും സംഹാരതാണ്ഡവമാടിയ പ്രളയക്കെടുതികൾക്ക് താൽക്കാലിക ശമനം ഉണ്ടാകാൻ നാലു ദിവസമെടുത്തു.
മാർത്താണ്ഡവർമ പാലത്തിന്റെ ആർച്ച് വരെ വെള്ളം കയറിയതോടെ നാട് നടുങ്ങി. വീടുകളുടെ ടെറസുകളിൽനിന്ന് ജീവനുവേണ്ടി അലമുറയിട്ട് നിലവിളിച്ചവരുടെ രക്ഷയ്ക്കായി നേവിയുടെ ഹെലികോപ്ടറുകൾ വരെ പറന്നെത്തി.
ആലുവപ്പുഴയോടു ചേർന്നു കിടക്കുന്ന തുരുത്ത്, പുറയാർ, ചൊവ്വര ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിൽ കുടുങ്ങിയവർ ചെറുവഞ്ചികളിലും വലിയ വട്ടചെമ്പിലുമൊക്കെയായി തുഴഞ്ഞു ആലുവ-അങ്കമാലി റെയിൽവേ പാതയിൽ എത്തുകയായിരുന്നു.
ഇവരെ അവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഗുഡ്സ് ട്രെയിനിലെ വാഗണുകളെയാണ് രക്ഷാപ്രവർത്തകർ ആശ്രയിച്ചത്.സ്ത്രീകളും കുട്ടികളുമടങ്ങിയ അഭയാർഥി സംഘത്തെ ഈ ചരക്കു തീവണ്ടിയുടെ ബോഗികളിൽ പിന്നീട് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഇതിനായി ആലുവ സ്റ്റേഷൻ മാസ്റ്ററുടെ സഹായമാണ് ആദ്യം തേടിയത്. സംഭവത്തിന്റെ ഗൗരവാവസ്ഥ മനസിലാക്കിയ അന്നത്തെ സ്റ്റേഷൻ മാസ്റ്റർ കളമശേരിയിൽനിന്നും രണ്ട് ബോഗി അടങ്ങുന്ന ചരക്കു തീവണ്ടി എത്തിച്ചു നൽകി.
തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ റെയിൽവേ ജീവനക്കാരും പോലീസും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട സംഘം പലവട്ടമായി തീവണ്ടി മാർഗം ആളുകളെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പ്രായമുളളവരെയടക്കം വാഗണിലേക്ക് പിടിച്ചു കയറ്റുന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഖാലിദ് മുണ്ടപ്പിള്ളി ഓർത്തെടുക്കുന്നു.