ആലുവ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിലുള്ള ലിമ ജ്വല്ലറിയില്‍ എത്തിയ അജ്ഞാത യുവാവ് ഒരു പവന്റെ സ്വര്‍ണമാലയും ലോക്കറ്റും കൈക്കലാക്കി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട മാലയ്ക്ക് ആറു ഗ്രാമും ലോക്കറ്റിന് രണ്ടു ഗ്രാമുമാണ് തൂക്കമുള്ളത്.
തൂക്കം കൂടിയ മാല വേണമെന്നു വന്നയാൾ ആവശ്യപ്പെട്ടപ്പോള്‍, ആദ്യം കാണിച്ചവ തിരികെയെടുത്തു വച്ചശേഷം ജീവനക്കാരി പുതിയതെടുക്കാന്‍ തിരിഞ്ഞു.
അതിനിടെ ആദ്യം എടുത്തതു വീണ്ടും കാണിക്കാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഈ ആഭരണം കൈമാറി. കൈവെള്ളയിലിട്ടു തൂക്കം നോക്കുന്നപോലെ കാണിച്ചശേഷം ഇറങ്ങിയോടി സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന കാറില്‍ കയറിപോകുകയായിരുന്നു.
പ്രതിയെയും കാറോടിച്ച ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ പ്രതിയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനാകുമെന്നാണു പോലീസ് കരുതുന്നത്. പ്രതിയെത്തിയ ഫോര്‍ഡ് ഐക്കണ്‍ എന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതി ജ്വല്ലറിയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചുപോയ ഒരു ജോഡി ചെരിപ്പ് പോലീസിന് ലഭിച്ചു.
മുന്‍ നഗരസഭ ചെയര്മാന് ഫ്രാന്‍സിസ് തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കൊറോണക്കാലത്ത് ഈ ജ്വല്ലറി കുത്തിത്തുറക്കാന്‍ അതിഥി തൊഴിലാളികളുടെ സംഘം ശ്രമിച്ചിരുന്നു.
അന്നു പട്രോളിംഗ് നടത്തുന്ന പോലീസിന് മുന്നില്‍ കമ്പിപ്പാരയുമായി കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നവര്‍ കുടുങ്ങുകയായിരുന്നു.