ആലുവ: പെരുമ്പാവൂരിലും ആലുവയിലും പെട്രോൾ പമ്പുകളിൽനിന്ന് ലക്ഷങ്ങൾ കവർന്ന കേസിന്റെ അന്വേഷണം ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.
ഇന്നലെ ആദ്യം കവർച്ച നടന്നത് പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിലെ പെട്രോൾ പമ്പിലായിരുന്നു. ഇവിടെനിന്നും 5,000 രൂപയും ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടു.
തുടർന്നു പുലർച്ചയോടെ ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിനു സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്നും 3.40 ലക്ഷം രൂപ കവരുകയായിരുന്നു.
സിസിടിവിയിൽ വ്യക്തമായ രണ്ടു യുവാക്കൾക്കായി ആലുവ ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവ ദിവസവും രാത്രി 11 മണി വരെ ആലുവയിലെ പമ്പ് പ്രവർത്തിച്ചിരുന്നു.
വൈകിട്ട് അഞ്ചിനു ശേഷമുള്ള കളക്ഷൻ തുകയായ 3.40 ലക്ഷം ഓഫീസ് മുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഓഫീസിന്റെ വാതിലും അലമാരയും കുത്തിത്തുറന്നാണ് പണം കവർന്നത്.
ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ ഉറങ്ങിയിരുന്ന ജീവനക്കാർ രാവിലെ എഴുന്നേറ്റപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പ്രധാനമായും ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് അമ്പാട്ടുകാവ്-മുട്ടം ഭാഗത്താണ്. ഇവിടെനിന്നാണു പല ക്വട്ടേഷനുകളും ആസൂത്രണം ചെയ്തിരുന്നത്.
മുമ്പ് ഗാരേജിന് സമീപത്തെ പെട്രോൾ പമ്പിൽനിന്നു പണമടങ്ങിയ സ്റ്റീൽ ലോക്കർ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ പിടിയിലായ പ്രതികളെല്ലാം സമീപവാസികളായ യുവാക്കളായിരുന്നു.
ഇന്നലെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്നും മാസ്ക് ധരിച്ച് ടീ ഷർട്ടും പാന്റും വേഷത്തിലുള്ള രണ്ട് യുവാക്കളാണ് കവർച്ചയ്ക്കു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ആലുവ ഈസ്റ്റ് സിഐ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.