ജോസ് ആൻഡ്രൂസ്
കോട്ടയം: ആറു മാസം നീണ്ട കളിക്കൊടുവിൽ ചുവപ്പുകാർഡ് വാങ്ങി മരണം ഒൗട്ട്. ജീവന്റെ കപ്പുയർത്തി ലോകത്തിനു മുന്നിൽ എൽവിൻ ചാന്പ്യൻ. മാസങ്ങളോളം അനക്കമറ്റുകിടന്ന അമ്മയുടെ ഉദരത്തിൽനിന്നാണ് എൽവിന്റെ പിറവി. അമ്മയ്ക്കു നല്കിയ കടുകട്ടിയായ മരുന്നുകൾക്കുപോലും അവനെ ഒരു ചുക്കും ചെയ്യാനായില്ല.
വൈദ്യശാസ്ത്രത്തിനുപോലും അന്പരപ്പായിരിക്കുന്നു ജീവന്റെ മരണക്കളി. തീർന്നില്ല, ആറു മാസം നിശ്ചലാവസ്ഥയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി കിടന്ന അമ്മയെ അവൻ ഒരൊറ്റ ചുംബനംകൊണ്ട് ഉണർത്തി.
ലോകകപ്പ് നടക്കുന്ന റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലെ കൊടികുത്തിയ കൊന്പന്മാരെപോലും നിഷ്പ്രഭമാക്കിയ എൽവിന്റെ വിജയക്കുതിപ്പിനു വിസിൽ മുഴങ്ങിയത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ.
മാസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും യാതൊരു പ്രതികരണവുമില്ലാതെ നിശ്ചലയായി കിടന്ന, കോട്ടയം പേരൂർ പെരുമണ്ണിക്കാലായിൽ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയുടെ ഉദരത്തിൽനിന്നു സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഹാനികരമായ മരുന്നുകളെല്ലാം ഉള്ളിൽ ചെന്നിട്ടും ഒരു പോറലുപോലുമേൽക്കാതെ ഗോൾഡൻ ബേബി പിറന്നു.
കുഞ്ഞിന്റെ കരച്ചിൽകേട്ട് ബെറ്റിനയുടെ ഉൾചേതനകൾ ചിറകുവിരിച്ചു. അവളുടെ കണ്ണുകൾ ഇളകി. ചുണ്ടുകൾ ചലിച്ചു. മാതാപിതാക്കൾ ചേർത്തുകിടത്തിയ എൽവിന്റെ നെറുകയിൽ അവൾ മുത്തമിട്ടു. ജീവന്റെ സംരക്ഷണത്തിന് താങ്ങും തണലുമായ കാരിത്താസ് ആശുപത്രിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി.