നെയ്യാറ്റിൻകര: കൃഷി എന്നു പറഞ്ഞാൽ ആൽവിന് ജീവനാണ്. വീടിന്റെ മട്ടുപ്പാവിലാണ് ഈ കൊച്ചുമിടുക്കന്റെ കൃഷിയിടം. പയർ, പടവലം, പാവൽ, തക്കാളി, മുളക്, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ ആൽവിന്റെ കൃഷിയിടത്തിലുണ്ട്. ഇവയെല്ലാം പരിപാലിക്കുക മാത്രമല്ല, വിളവെടുക്കുന്നതും വിൽക്കുന്നതുമൊക്കെ ആൽവിൻ ഒറ്റയ്ക്കാണ്.
മണ്ണിനെയും പ്രകൃതിയെയും കാർഷികവൃത്തിയെയും ഇത്തരത്തിൽ നെഞ്ചേറ്റിയ ആൽവിന്റെ പ്രായം അറിയുന്പോഴാണ് കൗതുകം വർധിക്കുക. കേവലം എട്ട് വയസ്സ്. ബാല്യത്തിൽ മറ്റു കുട്ടികൾ കളിപ്പാട്ടങ്ങളുമായി സമയം ചെലവഴിക്കുന്പോൾ ആൽവിന്റെ ലോകം ഈ കൃഷിയിടത്തിലാണ്. പിതാവ് അഗസ്ത്യാനോസാണ് കൃഷിയിൽ ആൽവിന്റെ ഗുരു. ആലപ്പുഴ തലവടി ഗവ. വി.എച്ച്.എസ്.എസിലെ ഉദ്യോഗസ്ഥനായ അഗസ്ത്യാനോസിന്റെ കാർഷിക താത്പര്യമാണ് വളരെ കുഞ്ഞുന്നാളിലേ ആൽവിന്റെ ഹൃദയത്തിലും ഇടം പിടിച്ചത്.
ബീമാപള്ളി ഗവ. യുപിഎസ്സിലെ അധ്യാപിക ഡാൽബൻ സുജയാണ് മാതാവ്. ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആൽവിൻ. വീടിന്റെ മട്ടുപ്പാവിലെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് കഴിഞ്ഞാൽ ഉത്പന്നങ്ങൾ സ്കൂളിലെ അധ്യാപകർക്കും കൂട്ടുകാർക്കും കൊടുക്കുക മാത്രമല്ല, നാട്ടിൽ വിൽപ്പനയ്ക്കായും വിതരണം ചെയ്യാറുണ്ട്. മകന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് മാതാപിതാക്കൾ മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. ആറയൂർ പൊറ്റയിൽക്കട അന്പലത്തിൻവിള പുത്തൻവീട്ടിലെ ഈ ബാലകർഷകൻ വീട്ടിലും നാട്ടിലും പള്ളിക്കൂടത്തിലുമെല്ലാം താരമാണ്.