സഹസംവിധായകയോട് റോഷന്‍ ആന്‍ഡ്രൂസ് മോശമായി പെരുമാറി, വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ മകന്‍ നിര്‍ദ്ദേശിച്ചു, ഇക്കാര്യം റോഷന്‍ അറിഞ്ഞതോടെ പ്രശ്‌നം തുടങ്ങി, റോഷനെതിരേ ഗുരുതര ആരോപണവുമായി നിര്‍മാതാവിന്റെ കുടുംബം

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആക്രമിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആല്‍വിന്‍ ആന്റണി തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്‍വിന്‍ ആന്റണി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആല്‍വില്‍ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കണ്ടാണ് പരാതി നല്‍കിയത്.

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആല്‍വിന്റെ വസതിയില്‍ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷന്‍ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി.

റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലെ അസോസിയേറ്റായ പെണ്‍കുട്ടിയുമായി മകന്‍ സൗഹൃദത്തിലായിരുന്നു. റോഷന്‍ മോശമായി പെരുമാറുന്നുവെന്ന് പെണ്‍കുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം റോഷന്‍ അറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് മാതാവ് എയ്ഞ്ചല്‍ പറഞ്ഞു.

വീട്ടിലെത്തി മകനുമായി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിച്ച റോഷന്‍ ഗുണ്ടകളുമായാണ് എത്തിയത്. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷന്‍ പ്രകോപിതനായി പുറത്തുകാത്തുനിന്ന 25 ലധികം പേരെ വിളിച്ചു വരുത്തി. റോഷന്‍ വീട്ടില്‍ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചല്‍ പറഞ്ഞു.

Related posts