വഴിക്കടവ്: കടകളടഞ്ഞു കിടക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത് സ്പീക്കറും ഫുട്ബോളും വാങ്ങാനാകില്ലല്ലോ എന്ന ആൽവിന്റെ നിരാശക്ക് അറുതി. ഭിന്നശേഷിക്കാരനായ ആൽവിന്റെ ആഗ്രഹം സാധിക്കാൻ ഫയർഫോഴ്്സ് ജീവനക്കാർ മുന്നോട്ടു വരികയായിരുന്നു.
നിലന്പൂർ മൊടപെയ്കയിലെ പെരുന്പാന്പള്ളിയിൽ തോമസാണ് തന്റെ മകൻ ആൽവിൻ സ്പീക്കറിനും ഫുട്ബോളിനുമായി ദിവസങ്ങളായി ശാഠ്യം പിടിക്കുന്നതായി നിലന്പൂർ ഫയർ സറ്റേഷനിലേക്കു ഫോണ്‍ ചെയ്തറിയിച്ചത്.
ഭിന്നശേഷിക്കാരനായ ആൽവിനെ സമാധാനിപ്പിക്കാകുന്നില്ലെന്ന് ആ പിതാവ് അറിയിച്ചപ്പോൾ ഫയർഫോഴ്്സ് ജീവനക്കാർ മുന്നിട്ടിറങ്ങുകയായിരുന്നു.
വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമറിയിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബ്ലൂടൂത്ത് സ്പീക്കറും ഫുട്ബോളും കൈകളിലെത്തി. ഉടനെ അതുമായി അവർ തോമസിന്റെ വീട്ടിലെത്തുകയായിരുന്നു. താൻ ആഗ്രഹിച്ച സാധനങ്ങൾ ലഭിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിൽ ആൽവിൻ ചിരിച്ചു.
ഇതു കണ്ടു നിന്ന് വീട്ടുകാരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു. ആൽവിൻ ഉപയോഗിച്ചിരുന്ന സ്പീക്കർ ഏതാനും ദിവസം മുന്‍പാണ് കേടായത്. മറ്റൊന്ന് വാങ്ങികൊടുക്കാൻ കടകൾ തുറക്കാത്തതു മൂലം തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും തോമസ് പറഞ്ഞു.
നിലന്പൂർ ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ബാബുരാജ്, ഓഫീസർമാരായ എ.ശ്രീരാജ്,കെ.മനേഷ്, എൻ. മെഹബൂബ് റഹ്്മാൻ എന്നിവർ ചേർന്നാണ് ആൽവിനു ആവശ്യമുള്ള സാധനങ്ങൾ വാങ്ങി നൽകിയത്.