ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.
* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.
* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.
* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.
* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.
* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം
പാലിയേറ്റീവ് കെയർ
കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക . ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.
കെയർ ഹോം
കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്
ഓർക്കുക, മറവി രോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല .രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക. രോഗ വിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ