പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും ആൽസ്ഹൈമേഴ്സ് സാധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, രക്താതിസമ്മർദം, പ്രമേഹം, അമിത പുകവലി, മദ്യപാനം എന്നിവ ഉണ്ടെങ്കിലോ മറവിരോഗസാധ്യത കൂടുന്നു.
എന്തെല്ലാം തെറ്റിദ്ധാരണകൾ!
‘ഡിമെൻഷ്യയ്ക്കെതിരെയും ആൽസ് ഹൈമേഴ്സിനെതിരെയും പ്രവർത്തിക്കാനുള്ള സമയമായി ‘എന്നതാണ് ഇത്തവണത്തെ ആൽസ്ഹൈമേഴ്സ് കാന്പയിൻ. ഡിമെൻഷ്യയോടുള്ള വിവേചന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനുവേണ്ടി ആഗോള ബോധവൽക്കരണ കാമ്പയിൻ നടത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രോഗിയെ പരിചരിക്കുന്ന 62% ആളുകൾ ഡിമെൻഷ്യ വാർധക്യത്തിന്റെ ഭാഗമായി വരുന്ന ഒരു സാധാരണ അവസ്ഥയാണെന്ന് തെറ്റായി കണക്കാക്കുന്നു. രോഗിയെ പരിചരിക്കുന്ന 35% പേർ ഡിമെൻഷ്യയുടെ രോഗനിർണയം മറച്ചു വയ്ക്കുന്നു.
കൂടാതെ പൊതുജനങ്ങളിൽ നാലിൽ ഒരാൾ ഡിമെൻഷ്യയെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നു കരുതി, അതിനു ചികിത്സ തേടാതിരിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഈ പ്രചാരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.
ആൽസ്ഹൈമേഴ്സ് ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുക എന്നതും പ്രാധാന്യമർഹിക്കുന്നു. അതോടൊപ്പം ആൽസ്ഹൈമേഴ്സ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്തുകയും വേണം.
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
– വ്യായാമക്കുറവ്
(മുതിർന്നവർ ഓരോ ആഴ്ചയും 150 മിനിറ്റ് മിതമായ എയ്റോബിക് ആക്റ്റിവിറ്റി അല്ലെങ്കിൽ 75 മിനിറ്റ് തീവ്രമായ എയ്റോബിക് ആക്റ്റിവിറ്റി നിർബന്ധം)
– പുകവലി
– അമിതമായ മദ്യപാനം
– വായു മലിനീകരണം
( വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾഅധികാരികൾ വേഗത്തിലാക്കണം, പ്രത്യേകിച്ച് ഉയർന്ന വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ)
– തലയ്ക്ക് പരിക്ക് എൽക്കുന്നത്
– സാമൂഹിക സമ്പർക്കം കുറയുന്നത്
(ഒരു ക്ലബ്ബിലോ കമ്മ്യൂണിറ്റി ഗ്രൂപ്പിലോ ചേരുന്നത് സാമൂഹികമായി സജീവമായി തുടരാനുള്ള നല്ല മാർഗമാണ്.) (തുടരും)