ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട്.
കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്. 60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്. 80 കഴിഞ്ഞവരിൽ 20% വും 85 വയസ്സിനു മുകളിൽ 50% വും ആണ് രോഗസാധ്യത.
ന്യൂറോണുകൾക്കു നാശം…
തുടക്കത്തിൽ ചെറിയ ഓർമപ്പിശകുകളും പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു. തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന കാരണം.
കാരണങ്ങൾ
രോഗമുള്ളവരിൽ 10% ന്റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല. മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങളോ കരൾ, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം.
തുടക്കത്തിലേ…
തുടക്കത്തിലേ ഉള്ള രോഗനിർണയം പരമപ്രധാനമാണ്. അനന്തരഫലങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും.രോഗബാധിതരോട് സ്നേഹത്തോടെയുള്ള പരിചരണവും കരുതലോടെയുള്ള കൂട്ടിരിപ്പും ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
-മുമ്പുണ്ടായിരുന്ന ബഹുമാനം തുടർന്നുമുണ്ടാകണം.
ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കണം.
-രോഗിയുടെ ദിനചര്യകൾ ക്രമം തെറ്റാതെ നോക്കണം.
-അവരുടെ മനസിൽ ആശങ്കകൾ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം.
-പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കണം. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ