ആൽസ്ഹൈമേഴ്സ് മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്തിത്വം വരെ മറന്നു പോവുകയും ചെയ്യുന്നു. ക്രമേണചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താത്പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവുവരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണമാവുകയും ചെയ്യുന്നു.
ചികിത്സാരീതികൾ
പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല ആൽസ് ഹൈമേഴ്സ്. എന്നാൽ വളരെ നേരത്തേതന്നെ രോഗനിർണയം നടത്തുന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്.
സിടി, എംആർഐ
മറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കിൽ എംആർഐ സ്കാനും ചെയ്യേണ്ടതായി വരും. ആൽസ്ഹൈമേഴ്സ് ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമശക്തി കൂട്ടുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം. അതോടൊപ്പം കൃത്യമായ ശരീര വ്യായാമവും പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്.
മാനസിക സമ്മർദം കുറയ്ക്കുന്നതിന്
* മാനസിക സമ്മർദം കുറയ്ക്കുന്നതിനു വേണ്ടിയുള്ള വിനോദങ്ങളും ക്രോസ് വേഡ് പസിലുകൾ, ചെസ് തുടങ്ങിയ ബൗദ്ധി ക വ്യായമത്തിനുള്ള കളികളും ഓർമശക്തി കൂട്ടാൻ സഹായിക്കും.
* നിത്യേന ഡയറി, അല്ലെങ്കിൽ ചെറുനോട്ടു
കൾ, മൊബൈൽ റിമൈൻഡറുകൾ ഒക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം.
* ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കയ്യെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. * രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെപ്പറ്റിയും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം.
* രോഗിയെ പരിചരിക്കുന്നവർ അടിക്കടി മാറുന്നതും താമസിക്കുന്ന സ്ഥലം അടിക്കടി മാറ്റുന്നതും രോഗിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം.
* രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ചികിത്സ നൽകേണ്ടതുമാണ്.
(തുടരും)
വിവരങ്ങൾ:
ഡോ.സുശാന്ത് എം.ജെ. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം