കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം കളത്തൂക്കടവിൽ അപകടത്തിൽ മരിച്ച അമൽ ഇന്ന് കുമരകത്തെ സ്വകാര്യ കോളജിൽ ബിബിഎയ്ക്ക് ക്ലാസിൽ ചേരാനിരിക്കുകയായിരുന്നു. പ്രസ്ടു കഴിഞ്ഞ് ബിബിഎയ്ക്ക് ചേർന്ന അമലിന് ഇന്നാണ് ക്ലാസ് ആരംഭിക്കുന്നത്. ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അമൽ മരിച്ചത്.
ആർപ്പൂക്കര വില്ലൂന്നി വടക്കേ എൻപതിൽ ഷിബുവിന്റെ മകനാണ് അമൽ (18). അമൽ ഓടിച്ച ആക്ടിവീ സ്കൂട്ടറും ബസും കൂട്ടിയിടിച്ചാണ് അപകടം. അമലിനൊപ്പം യാത്രചെയ്ത സുഹൃത്ത് വില്ലൂന്നി ആന്റണിവില്ലയിൽ ആന്റണി സേവ്യറിന് (20)പരിക്കേറ്റു. ഇരുവരും വാഗമണിൽ പോയി മടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലിനു തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമാണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ടയിൽനിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്ന സ്വകാര്യബസും സ്കൂട്ടറുമാണു കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ രാത്രി ഏഴോടെ അമൽ മരണപ്പെട്ടു. തലയ്ക്കു പരിക്കേറ്റ ആന്റണി സേവ്യറിനെ പീന്നിട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അമലിന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് നടക്കും.