കോടാലി: കാരുണ്യവുമായി ജീസ് കൂടെ നിന്നതോടെ സ്വയം പ്രവർത്തിക്കാവുന്ന ചക്രകസേരയുരുട്ടിയ അമൽജിത്തിന്റെ മുഖത്ത് പ്രതീക്ഷയുടെ അന്പരപ്പ്. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് നന്മയും സ്നേഹവും കൈകോർത്തുപിടിച്ചത്. എട്ടാം ക്ലാസുകാരനായ അമൽജിത്ത് ഇതുവരെ സഹപാഠികളുടെ സഹായത്തോടെ പഴയൊരു വീൽചെയറിലാണ് സ്കൂളിലെത്തിയിരുന്നത്. എന്നാൽ ഇനിമുതൽ സ്വയം പ്രവർത്തിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള വീൽചെയറിലാണ് അമൽജിത്ത് സ്കൂളിലേക്കെത്തുക.
ഇരിങ്ങാലക്കുട സ്വദേശി ജീസ് ലാസറാണ് അടുത്തമാസം നടക്കാനിരിക്കുന്ന തന്റെ മകളുടെ ആദ്യകുർബ്ബാന സ്വീകരണ ആഘോഷത്തിനായി കരുതിവച്ച് തുകയിൽ നിന്ന് 80,000 രൂപയോളം ചെലവഴിച്ച് ഇലക്ട്രിക് വീൽചെയർ വാങ്ങി അമൽജിത്തിന് സമ്മാനിച്ചത്. മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകനായ പ്രവീണ്‍ എം.കുമാറിന്റെ സുഹൃത്താണ് ബിസിനസ്കാരനായ ജീസ് ലാസർ.
കോടാലി അന്നാംപാടത്ത് നിന്ന് കൂട്ടുകാരുടെ സഹായത്തടെ പഴയ വീൽചെയറിൽ സ്കൂളിലെത്തുന്ന അമലിനെ കുറിച്ച് ഒരു മാസം മുന്‍പാണ് പ്രവീൺ സുഹൃത്തായ ജീസിനോട് സൂചിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നലെ വലിയൊരു പെട്ടിയുമായി മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലേക്കു കടന്നു വന്ന ജീസ് ലാസർ അമൽജിത്തിന്റെ ക്ലാസിലെത്തി ആധുനിക സംവിധാനങ്ങളുള്ള വീൽചെയർ സമ്മാനിക്കുകയായിരുന്നു. ജീസ് ലാസറിനൊപ്പം ഭാര്യ ലീനയും മൂന്നുമക്കളും സ്കൂളിലെത്തിയിരുന്നു.