നെടുങ്കണ്ടം: വേദനയില്ലാത്ത ലോകത്തേക്ക് അമൽ യാത്രയായി. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോന്പയാർ മനയ്ക്കപ്പറന്പിൽ ചാക്കോയുടെ മകൻ അമൽ(21) ആണ് തിരുവനന്തപുരം ആർസിസിയിൽ മരിച്ചത്.
നാട്ടുകാർചേർന്ന് രൂപീകരിച്ച സഹായ സമിതിയുടെ നേതൃത്വത്തിലാണ് ചികിത്സകൾക്ക് ആവശ്യമായ പണം കണ്ടെത്തിയത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കോന്പയാറ്റിലെ പുലരി ക്ലബ്ബ് എന്നിവയും അമലിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാർഥിയായിരുന്ന അമലിന്റെ കൂട്ടുകാർചേർന്ന് ഗാനമേള നടത്തിയും കോന്പയാർ കേന്ദ്രമായുള്ള ജനമൈത്രി ബസ് ഒരുദിവസത്തെ വരുമാനം നൽകിയും അമലിനെ സഹായിച്ചു.
ഏഴു കീമോതെറാപ്പിയും ശസ്ത്രക്രിയയും ആവശ്യമായിരുന്നു. നാലു കീമോകൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ അമൽ മരിച്ചത്. മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. ഏലിയാണ് മാതാവ്. അഞ്ജു ഏക സഹോദരിയാണ്.