വാടാനപ്പള്ളി: അമൽ കൃഷ്ണയെ കാത്ത് ഒരു മാസമായി ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ.
ഏങ്ങണ്ടിയൂർ ചേറ്റുവ എംഇഎസ് സെന്ററിനു കിഴക്കേ റോഡിൽ ചാണാശേരി വീട്ടിൽ സനോജ് – ശില്പ ദന്പതികളുടെ മകൻ അമൽ കൃഷ്ണ (16)യെ മാർച്ച് 18 രാവിലെ 11 നാണ് കാണാതായത്.
വാടാനപ്പിള്ളിയിലുള്ള ബാങ്കിൽ മകന്റെ എടിഎം കാർഡിന്റെ തകരാർ പരിഹരിക്കാൻ മകനുമൊത്ത് എത്തിയതായിരുന്നു ശില്പ.
ബാങ്കിനു പുറത്ത് മകനെ നിർത്തി അകത്തു കയറിയ അമ്മ 10 മിനിറ്റിനു ശേഷം എത്തുന്പോൾ മകൻ പുറത്തില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ ജ്വല്ലറിയിലെ സിസിടിവി കാമറയിൽ അമൽ കൃഷ്ണ ഇടറോഡിലൂടെ തൃശൂർ റോഡിലേക്കു പോകുന്നത് കണ്ടു.
അമ്മ ഫോണിലേക്ക് വിളിച്ചെങ്കിലും അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇതുവരെ വിവരമൊന്നുമില്ല.
പഠനത്തിൽ മിടുക്കനായ അമൽ കൃഷ്ണ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ് വണ്‍ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.
അമൽ കൃഷ്ണയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 12,500 രൂപയിൽ പതിനായിരം രൂപ പേടിഎം മുഖേന കൈമാറിയതായി രക്ഷിതാക്കൾ കണ്ടെത്തിയിരുന്നു. ഓണ്‍ലൈൻ ഗെയിം കളിക്കാൻ ഇതുപയോഗിച്ചതാകുമെന്നാണ് കരുതുന്നത്.
കുട്ടിയെ കണ്ടെത്താൻ വാടാനപ്പള്ളി പൊലിസിൽ ആദ്യം പരാതി നൽകിയ രക്ഷിതാക്കൾ തുടർന്ന് റൂറൽ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി.
പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താനും കഴിയുന്നില്ല.