വാടാനപ്പിള്ളി: മകൻ അമൽ കൃഷ്ണയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അമൽ കൃഷ്ണയുടെ മാതാവ് ശില്പ.
ആറുമാസം മുന്പ് കാണാതായ ചേറ്റുവ ചാണാശേരി സനോജിന്റെ മകൻ അമൽ കൃഷ്ണയുടെ അസ്ഥികളും തലയോട്ടിയും കഴിഞ്ഞ ദിവസം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണു കണ്ടെടുത്തതത്.
മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നു പൊട്ടിക്കരഞ്ഞ് ശില്പ പറഞ്ഞു.”സംഭവ സ്ഥലത്തുനിന്ന് അവന്റേതല്ലാത്ത ബ്ലൂടൂത്ത് കണ്ടെത്തിയതിൽ സംശയമുണ്ട്. അത് എങ്ങനെ വന്നുവെന്ന് അറിയണം.
അവനെ അപായപ്പെടുത്തി മുറിക്കുള്ളിൽ കൊണ്ടിട്ടതാണെന്നു സംശയമുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം’ അവർ പറഞ്ഞു.
അമൽ കൃഷ്ണയുടെ അമ്മ ശില്പ മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേക്ഷണം നടത്തണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും ഡിസിസി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
തലയോട്ടി കാണപ്പെട്ട വീടിനുചുറ്റും പൊന്തക്കാടു നിറഞ്ഞതാണ്. കാണാതായ മാർച്ച് 18 ന് രാത്രി എട്ടുവരെ തൃപ്രയാറിൽ ഉണ്ടായിരുന്നതായി മൊബൈൽ ടവർ പരിശോധിച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
രാത്രി വൈകി കാടുനിറഞ്ഞ പരിസരത്തുകൂടി വീടിനുള്ളിൽ കയറാൻ പ്രയാസമാണ്. ഇതാണു മരണത്തിൽ ദുരൂഹതയുണ്ടെ ന്നു പറയുന്നതിന്റെ കാരണം.
മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയും നടത്തി. പോലീസ് ഉൗർജിത അന്വേഷണം നടത്തുന്നുണ്ട്.
മസ്ക്കറ്റിലുള്ള പിതാവ് സനോജ് ഇന്നു നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും.