സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ചിത്രങ്ങള്‍ വരച്ച് അമല്‍ നടന്നുകയറിയത് റിക്കാര്‍ഡ് നേട്ടങ്ങളിലേക്ക്.
സൂര്യയുടെ വിവിധ ഭാവങ്ങളിലുള്ള 30 ചിത്രങ്ങള്‍ വരച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ് നേടിയത്.
തൃശൂര്‍ ഗവ. എൻജിനിയറിംഗ് കോളജിൽ ആര്‍ക്കിടെക്ചര്‍ വിദ്യാർഥിയാണ് പയ്യന്നുര്‍ സ്വദേശിയായ അമല്‍ കക്കാട്ട്. തന്റെ ആരാധ്യ താരമായതിനാലാണ് സൂര്യയുടെ ചിത്രങ്ങള്‍ വരച്ചതെന്ന് അമല്‍ പറയുന്നു.
എ-ഫോർ സൈസിലുള്ള പേപ്പറുകളിൽ പെൻസിൽ കൊണ്ടായിരുന്നു രചന. ഒരുദിവസം ഒരു ചിത്രം എന്ന രീതിയിലായിരുന്ന വരച്ചത്.
ഗ്രാഫൈറ്റ് പെന്‍സില്‍ കൊണ്ട് 25 ചിത്രങ്ങളും കളര്‍ പെന്‍സില്‍കൊണ്ട് അഞ്ച് ചിത്രങ്ങളുമാണ് അമല്‍ വരച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് ചിത്രങ്ങളും ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയത്. സൃഷ്ടികളുടെ പരിശോധനയ്ക്ക് ശേഷമാണ് രണ്ടു റിക്കാര്‍ഡുകളും അമല്‍ നേടിയതായുള്ള അറിയിപ്പ് ലഭിച്ചത്.
പുരസ്കാരം നേടിയതില്‍ സന്തോഷമുണ്ടെന്നും തന്റെ മനസിലെ സൂപ്പര്‍ ഹീറോയായ സൂര്യക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് കൈമാറണമെന്ന ആഗ്രഹമുണ്ടെന്നും അമല്‍ പറഞ്ഞു.
പയ്യന്നൂര്‍ ബോയ്സ് സ്കൂളിലെ പിടിഎ പ്രസിഡന്റ് അശോകന് കക്കാട്ട്-സിന്ധു ദമ്പതികളുടെ മകനാണ് അമല്‍.സഹോദരന് അഭിജിത്ത്.